EntertainmentKeralaNews

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 6 മുതൽ, ഡെലിഗേറ്റ് പാസിന് 1000 രൂപ

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷനാവും. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി.

‘മൂന്നാംലോക സിനിമ’യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായക പ്രതിഭയാണ് സൊളാനസ്.

ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാള്‍വഴികളെ ദൃശ്യപരമായി അടയാളപ്പെടുത്തുന്ന ‘ദ അവര്‍ ഓഫ് ദ ഫര്‍ണസസ്’, അര്‍ജന്‍റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന ‘സോഷ്യല്‍ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിലെ അതികായനായി മാറിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ എട്ടിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ് ലൈന്‍ രജിസ്ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ആകെ 10,000 പാസുകളാണ് വിതരണംചെയ്യാനുദ്ദേശിക്കുന്നത്. അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ്ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. 12 മുതല്‍ പൊതു വിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും.

#Copied

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker