തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അലഹാൻഡ്രോ ലോയാസ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം യൂറ്റാമയ്ക്ക് സുവർണ ചകോരം. 20 ലക്ഷം രൂപയാണ് സുവർണ ചകോരത്തിന്റെ പുരസ്കാര തുക. തയ്ഫ് മികച്ച സംവിധായകനുള്ള രജതചകോരവും ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി. ഇതേ ചിത്രത്തിന് തന്നെയാണ് ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം ആണ് മേളയിലെ ജനപ്രിയചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് മികച്ച മലയാളചിത്രമായി. റോമി മെയ്തി സംവിധാനം ചെയ്ത അവർ ഹോമിന് നെറ്റ്പാക് പുരസ്കാരവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഫിപ്രസ്കി പുരസ്കാരവും ലഭിച്ചു. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 1 എക്കാണ് മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്കാരം. അമർ കോളനിയിലൂടെ സിദ്ധാർത്ഥ് ചൗഹാൻ എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ പുരസ്കാരം കരസ്ഥമാക്കി.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്കാരത്തുക. പുരസ്കാരങ്ങൾ സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.
ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് ശേഷം സുവർണചകോരം നേടിയ ചിത്രത്തിന്റെ പ്രദർശനവും നിശാഗന്ധിയിൽ നടന്നു.