കോഴിക്കോട്: വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത്. മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം.
സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ പുറത്തിറങ്ങിയിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടെയാണ് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ലഘുലേഖ ഇറക്കിയിരിക്കുന്നത്. സേവ് ജാമിയ എന്ന പേരിലാണ് ലഘുലേഖ ഇറക്കിയിരിക്കുന്നത്. സമുദായം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ എന്നാണ് ലഘുലേഖയുടെ തലക്കെട്ട്. ജാമിഅഃ ക്യാമ്പസില്‍ ലഘുലേഖ വിതരണം ചെയ്തു.
നേരത്തെ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ അടക്കം മലപ്പുറത്തെ ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ തോല്‍വി ലഘുലേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അഹങ്കാരത്തിന്റെ മൂര്‍ത്തി ഭാവങ്ങള്‍ തലപൊക്കിയ ഘട്ടത്തിലായിരുന്നു ഈ തോല്‍വികള്‍ എന്ന് ലഘുലേഖ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അന്നത്തെ തോല്‍വിയുടെ കാരണം പാണക്കാട് തറവാടിന് പുറത്ത് നിന്നുള്ള ചില നേതാക്കളുടെ ധാര്‍ഷ്ട്യമായിരുന്നു. എന്നാല്‍ ഇന്ന് സമസ്തയ്ക്ക് നേരെ പാണക്കാടു നിന്ന് തന്നെ ആക്രമണം വരുന്നുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്.
ആത്മീയ തറവാട്ടിലെ പിടിവാശി ജാമിഅയെ തകര്‍ക്കുന്നുവെന്ന ഗുരുതര ആരോപണവും ലഘുലേഖയിലുണ്ട്. ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയ യുവനേതാക്കളെ ആശയാദര്‍ശ പ്രചരണപ്രസംഗങ്ങളുടെയും പ്രതികരണങ്ങളുടെയും സംഘടനാ ഇടപെടലുകളുടെയും പേരില്‍ സമസ്തയുടെ അഭിമാന സ്ഥാപനമായ ജാമിഅ നൂരിയ കോളേജിലെ സമ്മേളനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സാദിഖലി തങ്ങള്‍ക്ക് ദുര്‍വാശി ഉണ്ടെങ്കില്‍ അത് അഹങ്കാരത്തിന്റെ അങ്ങേയറ്റമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നും ലഘുലേഖ പറയുന്നു.
‘സ്ഥാപനങ്ങളുടെ സാരഥ്യങ്ങളും മഹല്ലുകളുടെ ഖാളി സ്ഥാനങ്ങളും പാരമ്പര്യമായി ഏല്‍പ്പിച്ചു കിട്ടിയത് താങ്കളുടെ നേതൃപാടവം കൊണ്ടോ മതപരമായ ജ്ഞാനം കൊണ്ടോ അല്ലെന്ന് താങ്കള്‍ക്കും താങ്കളുടെ മൂടുതാങ്ങികള്‍ക്കും ബോധ്യമുള്ളതാണല്ലോ. തങ്ങളെ പൂര്‍വ്വികരുടെ പുണ്യങ്ങളും സ്വഭാവമഹിമയും നേതൃഗുണങ്ങളും സ്മരണീയമാണ്. എന്നാല്‍ അവരുടെ വിയോഗാനന്തരം താങ്കളില്‍ ആ നേതൃത്വം എത്തപ്പെട്ടത് തന്നെ ദുര്യോഗമായിരുന്നെന്ന് അന്ന് മുതല്‍ ഇന്നുവരെയുള്ള ഇടപെടലുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. പ്രിയപ്പെട്ട ഹൈദരലി തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ അധികാരം കൈയ്യടക്കാന്‍ അന്ന് നടത്തിയ നാണം കെട്ട നീക്കങ്ങളെ ആ മഹാമനുഷ്യന്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചതടക്കം താങ്കള്‍ മറച്ചുവച്ചാലും മാലോകര്‍ക്കൊക്കെ അത് അറിവുള്ളതാണ്. ദുര്‍വാശി കൊണ്ട് അങ്ങേക്ക് മഹാരാജാവും യുവരാജാവുമായി വാഴാമെങ്കില്‍ വാഴിക്കില്ലെന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളു.
തങ്ങളേ…പട്ടിക്കാട് ജാമിഅ…അത് സമസ്തയുടെ സ്ഥാപനമാണ്. അവിടെ സമസ്തക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം മൂടിക്കാളായാം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ ഹിജഡകള്‍ കാത്തിരുന്നോളു. പണ്ട് ശുസുല്‍ ഉലമയ്ക്കെതിരെ നടത്തിയ പോലെ ഇനിയും കളിക്കാന്‍ ഏത് കൊമ്പത്തെ മറ്റവന്‍ വിചാരിച്ചാലും സമ്മേളന നഗരയില്‍ വെച്ച് തന്നെ സമസ്തയുടെ മക്കള്‍ നിങ്ങളെ കൂച്ചു വിലങ്ങിടും..ഇന്‍ശാ അല്ലാഹ്’; എന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.
‘രാഷ്ട്രീയ അടിമകളായ, കൊട്ടാരം പണ്ഡിതരായ ചില ഇബ്ദു തീമിയ്യമാര്‍ ഇടക്കാലത്ത് പിന്‍വാതിലിലൂടെ ജാമിഅയുടെ ഉള്ളില്‍ കേറിക്കൂടിയത് മുതലാണ് അത് വരേ നിര്‍ജീവമായി കിടന്നിരുന്ന ചില പലിശ മുതലാളിമാരെ കൂട്ട് പിടിച്ചു ജാമിഅയുടെ പരിശുദ്ധി നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നാണ് കരക്കമ്പി. സമ്മേളന നഗരി മലീമസമാക്കരുത് എന്ന് മാത്രമേ പറയുന്നുള്ളു….’, എന്ന മുന്നറിയിപ്പോടെയാണ് ലഘുലേഖ അവസാനിക്കുന്നത്.
ഇതിനിടെ പട്ടിക്കാട് ജാമിഅഃ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് യുവനേതാക്കളെ ഒഴിവാക്കിയതിന്റെ പേരില്‍ സമസ്തയില്‍ ഭിന്നത രൂക്ഷമാകുകയാണ്. ഓസ്‌ഫോജ്‌ന, എസ്‌കെഎസ്എസ്എഫ് പ്രാദേശിക കമ്മിറ്റികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. സാമൂഹിക മാധ്യമങ്ങളിലും സമസ്ത അനുകൂലികള്‍ക്ക് ഇടയിലും ചേരിപ്പോര് ശക്തമാണ്.
മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത നേതാക്കളെയാണ് മാറ്റി നിര്‍ത്തിയത്. ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് യുവനേതാക്കളെ വെട്ടി നിരത്തിയതിന് പിന്നില്‍ ലീഗ് നേതാക്കളെന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിയ്യ കോളേജ്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനമാണ് ജനുവരി 3 മുതല്‍ 7 വരെ നടന്നത്്. ഈ വേദിയില്‍ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്. ജാമിഅഃ സമ്മേളനങ്ങളില്‍ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്