ബെംഗളൂരു: ഗോവയിലെ ഹോട്ടല്‍ മുറിയില്‍ നാലു വയസ്സുകാരനെ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് പ്രതിയിലേക്കെത്താന്‍ സഹായകമായത് മൂന്നു വസ്തുക്കള്‍. പ്രതിയായ സുചന സേത്തും കൊല്ലപ്പെട്ട മകനും താമസിച്ച മുറിയില്‍നിന്ന് കത്തി, ടവല്‍, തലയിണ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.
ജനുവരി ആറിനാണ് ഗോവയിലെ സര്‍വീസ് അപാര്‍ട്‌മെന്റില്‍ സുചന സേത്ത് മകനുമായെത്തി മുറിയെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ജനുവരി എട്ടിനാണ് ഇവര്‍ ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. അപാര്‍ട്‌മെന്റിലെ ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ ചെന്നപ്പോള്‍ ടവലിലാണ് ചോരപ്പാടുകള്‍ കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തലയിണയോ എന്തെങ്കിലും തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്. കൈഞരമ്പ് മുറിച്ചപ്പോഴുണ്ടായ രക്തമാകാം ടവലില്‍ കണ്ടതെന്നു പൊലീസ് കരുതുന്നു. ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ രക്തക്കറയെ കുറിച്ച് ചോദിക്കാന്‍ സുചനയെ പൊലീസ് വിളിച്ചിരുന്നു. അപ്പോള്‍ അത് ആര്‍ത്തവരക്തമാണെന്നാണ് സുചന ആദ്യം മറുപടി പറഞ്ഞത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സുചന വ്യക്തമാക്കിയത്. എന്നാല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്കിടെ ഭര്‍ത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഇതില്‍ ഇനിയും വ്യക്തത വരാനുണ്ട്. സുചന പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
ചോദ്യം ചെയ്യലില്‍ സുചന കുറ്റം നിഷേധിച്ചിട്ടുണ്ട്. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് ഇവരുടെ മൊഴി. ഇതു വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുചനയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന മൂന്നു ദിവസങ്ങളില്‍ സുചന ആരൊക്കെയായാണ് സംസാരിച്ചതെന്നും എന്താണ് സംസാരിച്ചതെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്.