KeralaNews

‘നിങ്ങൾ തോറ്റാൽ? ജെയ്ക് പറഞ്ഞൊരു മറുപടി എന്നെ ഞെട്ടിച്ചു: സുബീഷ് സുധി

കൊച്ചി:പുതുതലമുറയിലെ ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി. തോമസെന്ന് നടൻ സുബീഷ് സുധി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഉമ്മൻ ചാണ്ടി പ്രഭാവത്തിൽ ജെയ്ക് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയെന്നും സുബീഷ് പറയുന്നു.

‘‘ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാൾ,മറ്റൊന്ന് മരിച്ചുപോയൊരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി. തോമസ്. ജെയ്ക്കിനെ ഞാൻ രണ്ട് ദിവസം മുമ്പ് വിളിച്ചു. പുതുപ്പള്ളിപോലൊരു യുഡിഎഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ  നിലപാടുകൾ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യൻ.  

അതുകൊണ്ടുതന്നെ  അയാളുൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണം എന്നു ചിന്തിക്കുന്ന ആൾക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ  കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻ ചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽതന്നെ ഞാൻ പറഞ്ഞു, ‘‘നിങ്ങള് തോറ്റ് കഴിഞ്ഞാൽ..’’ അപ്പോൾ അയാൾ പറഞ്ഞൊരു

മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘‘സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്’’. അതാണ് സഖാവ്. അതാണ് ജെയ്ക് സി. തോമസ്.

പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പുകളുണ്ടാക്കിയ വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല.

മനുഷ്യന്റെ സങ്കടങ്ങൾ കാണുന്നവരാണ് യഥാർഥ മനുഷ്യനെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു.’’–സുബീഷ് സുധി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button