കൊച്ചി:ഗോഡ്ഫാദറില്ലാതെ സിനിമയിലേക്കെത്തി ഇന്ന് ആരേയും അത്ഭുതപ്പെടുത്തുന്ന ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുന്ന മലയാളത്തിലെ യുവ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി കൂടി റിലീസ് ചെയ്തതോടെ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന് കഴിഞ്ഞു. സിനിമയുടെ തുടക്കകാലത്ത് ചെറിയ വേഷങ്ങളാണ് ടൊവിനോ ചെയ്തിരുന്നത്. പിന്നീട് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് എബിസിഡി എന്ന ദുല്‍ഖര്‍ ചിത്രത്തില്‍ ടൊവിനോ വില്ലനാകുന്നത്.
സഹനടനായി എന്ന് നിന്റെ മൊയ്തീന്‍ അടക്കമുള്ള സിനിമകളില്‍ ടൊവിനോ ഭാഗമായി.എന്ന് നിന്റെ മൊയ്തീനിലെ അപ്പു ടൊവിനോയ്ക്ക് കരിയര്‍ ബ്രേക്കായ സിനിമയായിരുന്നു. പൃഥ്വിരാജിന്റെ നായക വേഷം പോലും തന്നെ ടൊവിനോയുടെ അപ്പുവും പ്രേക്ഷകരുടെ ഹൃദയത്തില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നോവായി അവശേഷിക്കും. സ്വന്തം കഥാപാത്രത്തിന് എത്രത്തോളം സ്‌ക്രീന്‍ ടൈം ഉണ്ട് എന്ന് പോലും ചികഞ്ഞ് അന്വേഷിക്കാതെ കൂട്ടുകാര്‍ വിളിച്ചാല്‍ ചെറിയ കഥാപാത്രമെങ്കിലും ഓടി വന്ന് ചെയ്യുന്ന പ്രകൃതക്കാരന്‍ കൂടിയാണ് ടൊവിനോ എന്ന് കുറുപ്പ്, ചാര്‍ളി തുടങ്ങിയ സിനിമകള്‍ കാണുന്നവര്‍ക്ക് മനസിലാകും. ഏറെ നാളത്തെ പ്രയത്‌നത്തിലൂടെയാണ് ടൊവിനോ ഇന്ത്യന്‍ സിനിമയുടെ മിന്നല്‍ മുരളിയായത്.
ഇന്ന് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറൊ മിന്നല്‍ മുരളിയായി മാറി കഴിഞ്ഞു ടൊവിനോ. ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം കൂടിയായിരുന്നു ബേസില്‍ ടൊവിനോയെ വെച്ച് ഒരുക്കിയ മിന്നല്‍ മുരളി. ഇക്കഴിഞ്ഞ ഡിസംബറിലാണ് മിന്നല്‍ മുരളി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി മൊഴി മാറ്റി എത്തിയിരുന്നു. മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോയുടെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് വലിയ തോതില്‍ വൈറലായിരുന്നു.
‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢി എന്ന് വിളിക്കുമായിരിക്കും… പക്ഷേ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും.. അന്ന് നിങ്ങള്‍ എന്നെയോര്‍ത്തു അസൂയപ്പെടും..’ എന്നാണ് വഷങ്ങള്‍ക്ക് മുമ്പ് ടൊവിനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ച കുറിപ്പ്. മിന്നല്‍ മുരളി വലിയ വിജയമായപ്പോള്‍ ആരാധകര്‍ അത് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി ടൊവിനോയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചിരുന്നു.അന്ന് അങ്ങനൊരു കുറിപ്പ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമായ നാരദനെ കുറിച്ചുമുള്ള വിശേഷങ്ങളും മനോ?രമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ നടന്‍ ടൊവിനോ തോമസ്. പ്രവചന ശക്തിയുണ്ടായിരുന്ന കൊണ്ടാണോ അന്ന് ഭാവിയിലെ സ്ഥിതിയെ കുറിച്ച് കുറിപ്പിട്ടത് എന്ന് ചോദിച്ചപ്പോള്‍ ടൊവിനോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘സത്യത്തില്‍ അത് പ്രവചനശക്തിയൊന്നുമല്ല. നന്നായി അധ്വാനിച്ചതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. എഴുതി വെച്ചശേഷം പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്. ആ പോസ്റ്റ് എഴുതുന്ന കാലയളവില്‍ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ് മാത്രമാണ് ഉള്ളത്. അന്നുവരെ യാതൊരു വിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യന്‍…. സിനിമയില്‍ അഭിനയിക്കണമെന്നാണാഗ്രഹം എന്ന് പറയുമ്പോള്‍ ആദ്യം കളിയാക്കിയുള്ള ചിരികളാണ് പലയിടത്ത് നിന്നും കിട്ടിയിട്ടുള്ളത്. കാരണം അത് എന്റെ ഉച്ച ഭ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും.’
‘അത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്ന വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്. ഇന്ന് ആ പോസ്റ്റ് ഇട്ടതോര്‍ക്കുമ്പോള്‍ സത്യത്തില്‍ എന്തോപോലെ തോന്നും. കാരണം എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യല്‍ മീഡിയയില്‍ വിളിച്ച് പറയേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല… ഇന്ന് ഞാന്‍.
മിന്നല്‍ മുരളിക്ക് മുമ്പ് ഏറ്റവും വലിയ വലിയ പ്രശ്‌നം എന്നത് മലയാള സിനിമയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതായിരുന്നു. മിന്നല്‍ മുരളിക്ക് ശേഷം അത് അല്‍പം കൂടി എളുപ്പമായി. ഞാനെന്ന വ്യക്തിയെ അറിയാതിരുന്നവര്‍ പോലും ഇന്ന് എന്റെ സിനിമകള്‍ കാണുന്നുണ്ട്. മിന്നല്‍ മുരളിക്ക് ശേഷമാണ് ഞാനൊരു ശരിയായ ട്രാക്കിലാണ് ഓടുന്നത് എന്ന് തോന്നി തുടങ്ങിയത്. നാരദന്‍ എന്ന സിനിമയിറങ്ങുമ്പോള്‍ അതാ മിന്നല്‍ മുരളിയിലെ നടന്റെ സിനിമയല്ലേ എന്ന് പറഞ്ഞ് മറുഭാഷക്കാര്‍ കണ്ട് നോക്കിയാല്‍ അതിന് മിന്നല്‍ മുരളി തന്നെയാവും കാരണം.’
‘മലയാളത്തിലെ പല അതിഗംഭീര സിനിമകളും മലയാളി സമൂഹത്തിന് പുറത്തേക്ക് എത്തിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം അതിന് പ്രാപ്തമായൊരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം നമുക്കില്ല. ഒരു ഹോളിവുഡ് പടം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നതുപോലെ റിലീസ് ചെയ്യാന്‍ മലയാള സിനിമക്ക് കഴിയില്ല. എന്നാല്‍ ഒടിടിയില്‍ മിന്നല്‍ മുരളി വന്ന സമയത്ത് ഹോണ്ടുറാസിലും ബാഹമാസിലും മിന്നല്‍ മുരളി ട്രെന്‍ഡിങ്ങില്‍ വന്നത് നമ്മള്‍ കണ്ടതാണ്. അവിടെ മലയാളികള്‍ കൂടുതല്‍ ഉണ്ടായിട്ടല്ല… ആ സിനിമ അവിടെ വരെ എത്തിക്കാന്‍ സാധിച്ചു എന്നതുകൊണ്ടാണത്. എത്തിച്ചാല്‍ കാണാന്‍ ആളുണ്ട്. അങ്ങിനെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മലയാള സിനിമയെ എത്തിക്കാന്‍ മിന്നല്‍ മുരളി ഒരു നിമിത്തമായി. മിന്നല്‍ മുരളി സത്യത്തില്‍ ഒരു വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ആ വാതില്‍ വഴി ഞാനെന്റെ സിനിമകളെ കടത്തിവിടാന്‍ ശ്രമിക്കുകയാണ്’ ടൊവിനോ തോമസ് പറയുന്നു.