പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി. ഉത്തരേന്ത്യന്‍ ഹൈടെക്ക് ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.

ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു. സംശയം തീക്കാന്‍ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്റെ വലയില്‍ കുരുങ്ങി.

ആസാം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു സംഘത്തിനു വേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരില്‍ വട്‌സ്ആപ്പ് മുഖേനയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News