തിരുവനന്തപുരം:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ സന്ദര്‍ശിക്കവേ അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ച നടന്‍ രജിനികാന്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്…
എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും, എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ജയിലര്‍, ഹുകും തുടങ്ങി ഹാഷ്ടാഗുകളും കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.
രജിനിയുടെ പ്രവൃത്തിയെ ഒട്ടേറെ പേര്‍ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിരിക്കുകയാണ്. മുതിര്‍ന്നവരെ വണങ്ങുന്നതില്‍ തെറ്റില്ലെന്നും പക്ഷേ രജിനിയെ പോലെയൊരാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വണങ്ങേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
താന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജിനികാന്ത് നേരത്തെ
വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയുള്ള വിമര്‍ശനം കെട്ടടങ്ങുന്നതിനും മുന്‍പാണ് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.
#WATCH | Actor Rajinikanth meets Uttar Pradesh CM Yogi Adityanath at his residence in Lucknow pic.twitter.com/KOWEyBxHVO
— ANI (@ANI) August 19, 2023
സിനിമ പ്രദര്‍ശനം തുടരുന്നതിനിടെ ആത്മീയ പാതയിലാണ് രജിനികാന്ത്. കഴിഞ്ഞദിവസം ഝാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തില്‍ രജനി സന്ദര്‍ശനം നടത്തിയിരുന്നു. ഏറെക്കാലമായി വിചാരിക്കുന്നതാണ് ഈ ക്ഷേത്രത്തില്‍ വരണമെന്ന്, നല്ല അനുഭവമായിരുന്നെന്നും ഇനിയും ഇവിടെ വരുമെന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം രജിനി വ്യക്തമാക്കി. ഇതിനിടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനുമായി രജനികാന്ത് കൂടിക്കാഴ്ചയും നടത്തി.
ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചത് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കുന്നുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാലാ’ എന്ന ചിത്രത്തില്‍ വില്ലനായ നാനാപടേകര്‍ അവതരിപ്പിച്ച ഹരിദാദ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ കാല്‍തൊട്ട് വണങ്ങുന്ന ശൈലിക്കെതിരെ ‘നമസ്തേ’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരുത്തുന്ന രജനിയുടെ രംഗം ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു.
അതേസമയം, സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും പുരോഗമന ചിന്താഗതി ഉയര്‍ത്തിപ്പിടിക്കുന്ന നടന്‍ കമല്‍ഹാസന്‍റെ ഒരു പഴയ പ്രസംഗത്തിന്‍റെ ഭാഗങ്ങളും രജനിക്കെതിരായ ആയുധമായി സൈബര്‍ ഇടങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിയാര്‍ ഒരു ദൈവത്തെ കണ്‍മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കൈകൊടുത്ത് വരവേല്‍ക്കും പക്ഷെ അവരുടെ മുന്‍പില്‍ കുമ്പിടില്ല’ എന്ന കമലിന്‍റെ വാക്കുകളാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.
#Rajini #YogiAdityanath #Rajinikanth #UPCM #Rajinikant #SuperstarRajnikanth #JailerIndustryHit #JailerRecordMakingBO
— TamilaMemesCreator (@TamilaMemeOffc) August 19, 2023
.The Diff between #Kamal 🦅 and #Rajinikanth ⭐
.Sad for this⭐✌️pic.twitter.com/unYIZRfsL7
നാനൂറ് കോടി ബോക്‌സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍. എന്നാല്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ യാത്രയിലാണ് രജിനി. യാത്രയുടെ ഭാഗമായി അദ്ദേഹം ഉത്തര്‍പ്രദേശിലും എത്തിയിരുന്നു.
റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജിനികാന്തിന്റെ വണ്‍മാന്‍ ഷോ തന്നെയാണ് ‘ജയിലര്‍’. പ്രതിനായക വേഷത്തില്‍ എത്തിയ വിനായകനും ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കാമിയോ റോളിലെത്തിയ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ പ്രകടനവും ശ്രദ്ധ നേടി. ചിത്രത്തിലെ മറ്റ് താരങ്ങളായ രമ്യ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരും കഥാഗതിയെ സ്വാധീനിക്കുന്ന വേഷങ്ങളിലാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അനിരുദ്ധിന്റെ സംഗീതമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം.