കൊച്ചി:ജയിലർ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പുകഴ്ത്തുന്നത് നടൻ വിനായകൻ ചെയ്ത വർമൻ എന്ന വില്ലൻ കഥാപാത്രത്തെ കുറിച്ചാണ്. ഒരു പക്ഷെ ഇത്രത്തോളം വലിയൊരു ബിഗ് ബജറ്റ് സിനിമയിൽ നായകനേയും കടത്തി വെട്ടുന്ന വില്ലനായി ആദ്യമായിട്ടാകും വിനായകൻ അഭിനയിച്ചിരിക്കുന്നത്.
രജിനികാന്തിനെപ്പോലൊരു മഹാനടനെ മുന്നിൽ നിർത്തി അസാധ്യ പ്രകടനമായിരുന്നു വിനായകന്റേത് എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. താരത്തിന്റെ കരിയറിലെ ഒരു നാഴികകല്ലായി ജയിലറിലെ വർമൻ മാറി കഴിഞ്ഞു.
പക്ഷെ എന്തുകൊണ്ടോ ആദ്യത്തെ കുറച്ച് ദിവസം വിനായകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കാൻ ഭൂരിഭാഗം പേരും തയ്യാറായിരുന്നില്ല. ജയിലർ കണ്ടശേഷം രജിനി, മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവരാജ് കുമാർ എന്നിവരെ കുറിച്ചെല്ലാമാണ് അഭിപ്രായം പറഞ്ഞത്. അതിനിടയിൽ ചിലർ വിനായകന്റെ പേര് വെറുതെ ഒന്ന് പരാമർശിച്ച് പറഞ്ഞ് പോവുകയും ചെയ്തു.
സിനിമയെ സിനിമയായും അതിൽ അഭിനയിച്ച വ്യക്തിയെ നടനായും മാത്രം കാണുന്ന ചിലർ മാത്രമാണ് വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു.
അത് തന്നെയാണ് പിന്നീട് ഒരു നല്ല വാക്ക് വിനായകനെ കുറിച്ച് പറയുന്നതിൽ നിന്നും ഭൂരിഭാഗം ആളുകളയും പിന്തിരിപ്പിച്ചത്. മോഹൻലാലിനോളം വിനായകന്റെ പേര് ചർച്ച ചെയ്യപ്പെടുന്നില്ലെന്ന തരത്തിൽ കുറിപ്പുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് വിനായകന്റെ വർമനെ പ്രശംസിച്ച് ആളുകൾ എത്തി തുടങ്ങിയത്.
ഇപ്പോഴിതാ വിനായകൻ കുറച്ച് വർഷം മുമ്പ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. അയാൾ ഒരുനാൾ സ്വർണത്തിന്റെ കിരീടവും വെച്ച് ഫെരാരി കാറിൽ വന്നിറങ്ങും എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.
‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’, എന്നാണ് വീഡിയോയിൽ വിനായകൻ പറയുന്നത്.
വിനായകന്റെ വാക്കുകളെ കയ്യടികളോടെയാണ് ആളുകൾ വീണ്ടും ഷെയർ ചെയ്യുന്നത്. ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ജീവിതം തുടങ്ങിയ നടനാണ് വിനായകൻ. കൊച്ചി സ്വദേശിയായ താരം ആളുകൾ ഇന്നും റിപ്പീറ്റ് അടിച്ച് കാണുന്ന നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചതിക്കാത്ത ചന്തു മുതലാണ് വിനായകനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.
ഇടയ്ക്ക് ഛോട്ടാ മുംബൈ പോലുള്ള സിനിമകളിൽ വില്ലൻ റോളിലും തിളങ്ങി. ആട് പോലുള്ള സിനിമകളിലെ ഡ്യൂഡ് പോലുള്ള വിനായകന്റെ റോളുകൾ ഒരു കാലത്ത് വൈറലായിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷമാണ് വിനായകനിലെ നടൻ എത്രത്തോളം മികച്ചതാണെന്ന് പ്രേക്ഷകർ മനസിലാക്കി തുടങ്ങിയത്.
വിനായകന്റെ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തെരഞ്ഞെടുത്തിരുന്നത് നടൻ മമ്മൂട്ടിയെയായിരുന്നു. രജിനികാന്ത് മമ്മൂട്ടിയെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. അദ്ദേഹം ആ റോൾ ചെയ്യാൻ സമ്മതിച്ചതുമാണ്.
എന്നാൽ ഇത്രത്തോളം വലിയൊരു താരത്തെ വില്ലനാക്കിയാൻ പല കാര്യങ്ങളും കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന് പിന്നീട് ചിന്തിച്ചപ്പോൾ തോന്നിയെന്നും അദ്ദേഹത്തെ വില്ലൻ റോളിൽ കൊണ്ടുവരുന്നത് തനിക്ക് വേദനയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് രജിനിയും സംവിധായകൻ നെൽസണും ആ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഓഡിയോ ലോഞ്ചിൽ പ്രസംഗിക്കവെ സൂപ്പർ സ്റ്റാറും വിനായകന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു.