തിരുവനന്തപുരം: ടിവിയിലിരുന്ന് ആളായ നേതാവാണെന്ന പത്മജ വേണുഗോപാലിന്റെ പരാമർശത്തിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ടിവിയിൽ എന്റെ പാർട്ടിയുടെ നിലപാട് പറയാൻ എനിക്ക് അഭിമാനം മാത്രമാണുള്ളതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴൊക്കെ അഭിപ്രായം പറയുമോ, മരണം വരെ അഭിപ്രായത്തോടൊപ്പം കോൺഗ്രസിന്റെ പേര് തന്നെയായിരിക്കും എഴുതുക. രാജ്യസഭാ സീറ്റിന് വേണ്ടിയും ഇഡി കേസ് പേടിച്ചും ഞാൻ പാർട്ടി മാറാൻ പോകുന്നില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പത്മജ വേണുഗോപാൽ എന്നെ ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറയുന്ന സമയത്ത്. അതിന് കാരണമായ പത്രസമ്മേളനം നടക്കുന്നത് ഒരു നിരാഹാര പന്തലിലാണ്. പത്മജ വേണുഗോപാൽ എപ്പോഴെങ്കിലും ആഹാരം വേണ്ടാന്ന് വച്ചിട്ടുണ്ടെങ്കിൽ അത് ബോഡി ഫാറ്റ് കുറയ്ക്കാൻ വേണ്ടിയിട്ടായിരിക്കും. മറ്റൊരാൾക്ക് വേണ്ടി നിരാഹാരം ഇരുന്നതായിട്ടോ, ഭക്ഷണം ഒഴിവാക്കിയതായിട്ടോ ഞാൻ കേട്ടിട്ടില്ല’
‘ഞാനും എന്റെ സഹപ്രവർത്തകരും എത്രയോ തവണ പൊലീസ് ലാത്തിച്ചാർജ് ഏറ്റുവാങ്ങിയിട്ടുണ്ട്. വാത്സല്യത്തോടെ വളർത്തിയ ലീഡർ ഒരു ഈർക്കിൽ കമ്പ് പോലും കൊണ്ട് പത്മജയെ അടിച്ചതായി നമ്മൾ കേട്ടിട്ടില്ല. തിരുവനന്തപുരത്ത് നിരാഹാരമിരിക്കാൻ വന്നതിന് ശേഷം എട്ടോ ഒമ്പതോ കേസായി. സമരം ചെയ്തതിന് നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്മജ വേണുഗോപാലിന്റെ പേരിൽ ഓവർ സ്പീഡിന്റെ പേരിൽ വല്ല പെറ്റിയടിച്ച കേസല്ലാതെ ഈ നാട്ടിൽ സമരം ചെയ്തതിന് വല്ല കേസുമുണ്ടോ? എനിക്കറിയില്ല’- രാഹുൽ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് പത്മജ രാഹുലിനെതിരെ പരാമർശം നടത്തിയത്. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം അതു തന്നോട് പറയേണ്ടെന്നുമാണ് പത്മജ പറഞ്ഞത്. കെ കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതിന് മറുപടിയായിട്ടാണ് പത്മജയുടെ പരാമർശം.