തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പാതട്ടിപ്പില്‍ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യതയെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജെപിയും സിപിഎമ്മും തമ്മില്‍ കൊടുക്കല്‍ വാങ്ങലാണെന്നും അദ്ദേഹം ആരോപിച്ചു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും എംപി ടി.എന്‍ പ്രതാപന്റേയും നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തുകൊണ്ട് പിണറായി വിജയന്‍ ജയിലില്‍ കിടന്നില്ല. നാണംകെട്ട ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അദ്ദേഹത്തെ രക്ഷിച്ചത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ അവര്‍ സിപിഎമ്മിനെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആ സന്ധിയില്‍ പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നു. ലാവലിന്‍ കേസ് 37 തവണ സുപ്രീംകോടതിയില്‍ മാറ്റിവെച്ചു.
സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത്രയും തവണ ഒരു കേസ് മാറ്റിവെച്ചിട്ടുണ്ടോ? ആ കേസെടുത്താല്‍ പിണറായി വിജയന്‍ ഇരുമ്പഴിക്കുള്ളിലേക്ക് പോകുമെന്ന് സുനിശ്ചിതമാണ്. ബിജെപി ഒരു ഭാഗത്ത് പിണറായി വിജയനെ സംരക്ഷിക്കുന്നു. മറുഭാഗത്ത് ബിജെപി നേതാക്കളുടെ കൊള്ളയ്ക്ക് ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. കെ. സുരേന്ദ്രന്റെ കള്ളപ്പണം പിടിച്ചപ്പോള്‍ ക്രൈംബ്രാഞ്ചോ വിജിലന്‍സ് പോലും അന്വേഷിച്ചില്ലല്ലോ?’, സുധാകരന്‍ ചോദിച്ചു.
‘കട്ടുമുടിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്. ഭരണം ദുഷിച്ചുവെന്ന് എം.എ ബേബി പറഞ്ഞു. തുരുമ്പിച്ച, ജനവിരുദ്ധ സര്‍ക്കാരാണെന്ന് തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും മുഖം വികൃമാണെന്ന് സിപിഐ പറഞ്ഞു. എന്നിട്ടും പിണറായി വിജയനെന്ന കാട്ടുകൊള്ളക്കാരന് ഈ രാജ്യത്ത് ഇറങ്ങി നടക്കാന്‍ എങ്ങനെ ധൈര്യം വരുന്നു? എല്ലാ കൊള്ളയ്ക്കും മാതൃകയായൊരു മുഖ്യമന്ത്രിയാണ് ഇന്ന് നിങ്ങളുടെ ജില്ലയില്‍ വന്നുപോയതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഞാന്‍ പ്രിയ്യപ്പെട്ട പിണറായി വിജയനോട് ചോദിക്കട്ടെ, താങ്കളെ ആര്‍ക്കാണെടോ ഈ കേരളത്തില്‍ ആവശ്യം? ആര്‍ക്കും വേണ്ടാത്ത ചരക്കാ നിങ്ങള്‍. നിങ്ങള്‍ക്ക് ആരില്‍നിന്നാണ് ഭീഷണി. ഒരു പട്ടിയും നിങ്ങളുടെ പിറകിലില്ല’, സുധാകരൻ പറഞ്ഞു.
‘മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നാണ് പഴമൊഴി. മുഖ്യമന്ത്രി ചിന്തിക്കുന്നതും ഊണിലും ഉറക്കത്തിലും ആലോചിക്കുന്നതും എങ്ങനെ കൊള്ള നടത്താമെന്നാണ്. പുതിയ പുതിയ പോര്‍മുഖങ്ങള്‍ കണ്ടെത്തുകയാണ് മുഖ്യമന്ത്രി. സഹകരണ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാല്‍ ഒരു സിപിഎമ്മുകാരനും ഈ സംസ്ഥാനത്തും ജില്ലയിലും ഇറങ്ങിനടക്കില്ല. ഞങ്ങള്‍ അവരുടെ സംരക്ഷകരായി മാറും’, സുധാകരൻ വ്യക്തമാക്കി.