മധുര: സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിൻ്റെ അടിസ്ഥാന തത്വമെന്നും കോടതി വ്യക്തമാക്കി. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017-ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.
വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടു. ഇതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
‘അനധികൃതമായി സമ്പാദിച്ച പണം ആസ്വദിച്ചാൽ അവർ അനുഭവിക്കണം. ഈ രാജ്യത്ത് അഴിമതി സങ്കൽപ്പിക്കാനാവാത്തവിധം വ്യാപിച്ചിരിക്കുന്നു. അഴിമതി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. ദേവനായകി ശിക്ഷ അനുഭവിക്കണം”, കോടതി പറഞ്ഞു. 6.77 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് തിരുച്ചി ഡിവിഎസി പൊലീസ് ശക്തിവേലിനും ഭാര്യയ്ക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.