23.9 C
Kottayam
Tuesday, May 21, 2024

ഇന്ത്യന്‍ ടിമിലെത്തിയാല്‍ സഞ്ജുവിന്റെ സ്ഥാനം ഇതായിരിയ്ക്കും,മുന്‍ സെലക്ടര്‍ പറയുന്നു

Must read

റാഞ്ചി: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണെങ്കില്‍ അത് വിക്കറ്റ് കീപ്പറായിട്ട് ആയിരിക്കില്ല ബാറ്ററായിട്ടായിരിക്കുമെന്ന് ഇന്ത്യന്‍ ടീം മുന്‍ സെലക്ടര്‍ സാബാ കരീം. സഞ്ജുവിനെയും ഇഷാന്‍ കിഷനെയും ഹിറ്റര്‍മാരായാണ് ടീം പരിഗണിക്കുന്നതെന്നും സാബാ കരീം പറഞ്ഞു.

സഞ്ജു അടക്കമുള്ള കളിക്കാരെ സെലക്ടര്‍മാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായല്ല കാണുന്നത്. യഥാര്‍ത്ഥ ബാറ്റര്‍മാരായാണ്. വിക്കറ്റ് കീപ്പ് ചെയ്യാന്‍ കഴിയുന്നത് ബോണസ് മാത്രമാണ്. അതുകൊണ്ടുതന്നെ  സഞ്ജു ഇന്ത്യയുടെ ഒന്നാം നിര ടീമിലേക്ക് മടങ്ങി വരികയാണെങ്കില്‍ അത് ബാറ്ററായിട്ടായിരിക്കുമെന്നും സാബാ കരീം വ്യക്തമാക്കി.

സഞ്ജു സമീപകാലത്ത് പുറത്തെടുക്കുന്ന മികവിനെയും സാബാ കരീം അഭിനന്ദിച്ചു. കഴിഞ്ഞ ഐപിഎല്ലിനുശേഷം സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയപ്പോഴെല്ലാം അവന്‍ മികവ് കാട്ടി. കഴിഞ്ഞ ഐപിഎല്ലിനുശേഷം പ്രകടനങ്ങളില്‍ സ്ഥിരത പുലര്‍ത്താനും സഞ്ജുവിനായെന്നും സാബാ കരീം പറ‍ഞ്ഞു.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു പിന്നാലെ നടന്ന വെസ്റ്റ് ഇന്‍‍ഡീസിനും സിംബാബ്‌‌വെക്കുമെതിരായ ഏകദിന പരമ്പരകളിലും മികവ് കാട്ടിയിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിന്‍റെ നായകനായി സഞ്ജുവിനെ തെര‍ഞ്ഞെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും സ‍്ജു ടോപ് സ്കോററായി.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍  ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദും ശുഭ്‌മാന്‍ ഗില്ലും അടക്കമുള്ള യുവതാരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറാമനായി ഇറങ്ങി 86 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week