30.6 C
Kottayam
Friday, May 10, 2024

മരിച്ചെന്ന് കരുതിയ ആള്‍ പ്രതി, കേസ് വഴി തിരിച്ച് വിടാന്‍ കള്ളത്തെളിവ്; ആറ് വര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടി പൊലീസ്

Must read

തൃശൂര്‍:  തൃശൂർ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് ആറ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞിരുന്നതിനാല്‍, ഇപ്പോള്‍ പിടികൂടിയ പ്രതിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസ് കരുതിയിരുന്നത്. എന്നാല്‍, മരിച്ചെന്ന് കരുതിയ ആളാണ് പ്രതിയെന്ന് പിന്നീടാണ് പൊലീസിന് വ്യക്തമായതും അതിന്‍റെ അടിസ്ഥാനത്തില്‍ ആറ് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തതും. 

അസം സ്വദേശിയായ ഉമാനന്ദ് നാഥിനെ (35) കൊന്ന കേസില്‍ മനോജ് ബോറ (30) ആണ് പിടിയിലായത്. 2016 മെയ് 9 -നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല നടന്ന് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി പിടിക്കപ്പെടില്ലെന്ന പ്രതിയുടെ ആത്മവിശ്വാസമാണ് ഇയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കൊലയെ തുടര്‍ന്ന് ആദ്യഘട്ടത്തിലുണ്ടായിരുന്ന ദുരൂഹത മറനീക്കി മനോജാണ് പ്രതിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. 

സംഭവം നടന്ന് ആറ് വര്‍ഷം കഴിഞ്ഞതിനാല്‍ ഇനി പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ഇയാള്‍ നാല് മാസങ്ങള്‍ക്ക് മുമ്പ്  ഭാര്യയുടെ എടിഎം ഉപയോഗിച്ച് പണമിടപാട് നടത്തി. ഒപ്പം അതുവരെ ഉപയോഗിക്കാതിരുന്ന മൊബൈല്‍ ഫോണും ഇയാള്‍ ഉപയോഗിച്ചു. ഇതോടെ ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുകയായിരുന്ന സൈബര്‍ പൊലീസും ജാഗരൂകരായി. സൈബര്‍ പൊലീസിന്‍റെ നിതാന്ത ജാഗ്രതയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. 

മാള നെടുമുറി പുരുഷോത്തമന്‍റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന രണ്ട് അസം സ്വദേശികളായിരുന്നു ഉമാനന്ദ് നാഥും (35) മനോജ് ബോറയും (30). ഉമാനന്ദ് ആണ് ആദ്യം മാളയിലെത്തിയത്. മനോജിനെ മാളയിലേക്ക് കൊണ്ട് വന്നതും ഉമാനന്ദ് തന്നെ. എന്നാല്‍, ഇവരില്‍ ആരാണ് മുതലാളിയുടെ വിശ്വസ്ഥന്‍ എന്നതിനെ ചൊല്ലി പരസ്പരം തര്‍ക്കം ഉടലെടുത്തു. ഈ തര്‍ക്കം മൂര്‍ച്ചിക്കുകയും ഒടുവില്‍ 2016 മെയ് മാസം 9 -ാം തിയതി കൊലയില്‍ കലാശിക്കുകയും ആയിരുന്നു. 

തര്‍ക്കത്തിനൊടുവില്‍ ഉമാനന്ദിനെ തലയ്ക്കടിച്ച് വീഴ്ത്തിയ മനോജ് കത്തിയുപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഉമാനന്ദ് മരിച്ചെന്ന് മനസിലാക്കിയ മനോജ്, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്വന്തം വസ്ത്രം ഉമാനന്ദിനെ ധരിപ്പിച്ചു. പിന്നീട് മൃതദേഹം കിടക്കയില്‍ പൊതിഞ്ഞ്, അതേ പറമ്പില്‍ തന്നെയിട്ട് കത്തിച്ചു. ഇതിന് ശേഷം ഇയാള്‍ ഫോണ്‍ ഉപേക്ഷിച്ച് കേരളം വിട്ടു. കത്തിയ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രത്തിന്‍റെ തീ പിടിക്കാത്ത ഭാഗങ്ങള്‍ പരിശോധിച്ച പൊലീസ് കൊല്ലപ്പെട്ടത് മനോജാണെന്ന് ആദ്യം തെറ്റിദ്ധരിച്ചു. 

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് അസമില്‍ പോയി വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ കൊല്ലപ്പെട്ടത് ഉമാനന്ദ് ആണെന്നും കൊല നടത്തിയത് മനോജാണെന്നുമുള്ള നിഗമനത്തില്‍ പൊലീസെത്തി. എന്നാല്‍, മനോജിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ മനോജ് വിവാഹിതനായെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് അസം പൊലീസിന്‍റെ സഹായത്തോടെ മനോജിന്‍റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പൊലീസ് നിരിക്ഷണത്തിലാക്കി. 

നാല് മാസം മുമ്പ് മനോജിന്‍റെ ഭാര്യയുടെ അക്കൗണ്ട് വഴി നിരന്തരം ഇടപാടുകള്‍ നടക്കുന്നതായി സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അതിനിടെ മനോജിന്‍റെ മൊബൈല്‍ ഫോണും പ്രവര്‍ത്തന സജ്ജമായി. ഇതേ തുടര്‍ന്ന് അസം പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞത്. ഇതോടെ ആറ് വര്‍ഷത്തോളം പഴക്കമുള്ള ഒരു കൊലപാതക കേസില്‍ പ്രതിയെ പിടികൂടാന്‍ കേരളാ പൊലീസിന് കഴിഞ്ഞു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week