ഹൈദരാബാദ്: ബി ജെ പി അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് തെലങ്കാനയിലെ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി. മുസ്ലീം സംവരണം പിന്‍വലിച്ച് ഈ ആനുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കും എന്നാണ് കിഷന്‍ റെഡ്ഡിയുടെ പ്രഖ്യാപനം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ നടപടികള്‍ വരും ദിവസങ്ങളില്‍ ബി ജെ പി ആരംഭിക്കുമെന്നും കിഷന്‍ റെഡ്ഡി സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, നിരവധി കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ താരപ്രചാരകര്‍ക്കൊപ്പം നവംബര്‍ 3 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അമിത് ഷാ സൂര്യപേട്ടിലെ യോഗത്തില്‍ പിന്നോക്ക വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചത് തെലങ്കാനയില്‍ സംഭവിക്കുന്ന സുപ്രധാന വിപ്ലവത്തെ അടയാളപ്പെടുത്തുന്നുവെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.
തെലങ്കാനയില്‍ ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭയില്‍ ഒരു വനിതയെ മന്ത്രിയാക്കുന്നതില്‍ ബി ആര്‍ എസ് പരാജയപ്പെട്ടു. പിന്നോക്കക്കാര്‍ക്ക് അവരുടെ സംവരണത്തിന്റെ ഒരു വിഹിതം നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നോക്കാര്‍ക്കുള്ള സംവരണം എടുത്തുകളയുന്നതില്‍ എ ഐ എം ഐ എമ്മിനെ കോണ്‍ഗ്രസ് പിന്തുണച്ചതായും അദ്ദേഹം ആരോപിച്ചു. തെലങ്കാനയില്‍ 50 സീറ്റുകള്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്തപ്പോള്‍ 37 സീറ്റുകള്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐ എം ഐ എം എടുത്തുകളഞ്ഞു. ന്യൂനപക്ഷ സംവരണത്തിന്റെ പേരില്‍ പിന്നോക്കക്കാരുടെ മേല്‍ കുതിര സവാരി നടത്തുകയാണ്.
തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ന്യൂനപക്ഷ സംവരണം റദ്ദാക്കും എന്നായിരുന്നു കിഷന്‍ റെഡ്ഡി പറഞ്ഞത്. ബി ആര്‍ എസിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി, ഇരു പാര്‍ട്ടികളും എ ഐ എം ഐ എമ്മിന്റെ നിയന്ത്രണത്തിലാണെന്നും എ ഐ എം ഐ എം നേതാക്കളുടെ അനുമതിയില്ലാതെ ഈ നേതാക്കള്‍ക്ക് പഴയ നഗരത്തില്‍ പ്രവേശിക്കാനാകില്ലെന്നും പറഞ്ഞു.
പഴയ നഗരങ്ങള്‍ സന്ദര്‍ശിച്ച് വൈദ്യുതി ബില്ലുകള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. അവര്‍ ആക്രമിക്കപ്പെടുകയാണ്. അധികാരത്തില്‍ വന്നാല്‍ ഇത് വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കും. വരുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്യണം എന്നും തെലങ്കാനയിലെ ജനങ്ങളോട് കിഷന്‍ റെഡ്ഡി പറഞ്ഞു.