കൊച്ചി:പ്രണവ് മോഹൻലാലിലെ അഭിനേതാവിനെ പ്രേക്ഷകർ അംഗീകരിച്ചതും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതും വിനീത് ശ്രീനിവാസൻ സിനിമ ഹൃദയം പുറത്തിറങ്ങിയ ശേഷമാണ്. കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത സിനിമ 2022ലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു.
പ്രണവിലെ അഭിനേതാവ് ഇത്രയും പ്രതിഭാശാലിയാണെന്ന് സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതും ഹൃദയം കണ്ട ശേഷമാണ്. ഇപ്പോഴിത പ്രണയ ദിനാഘോഷത്തിന് പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്.
പ്രണവും കല്ല്യാണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു ഹൃദയം. വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്യുന്നത്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഹൃദയം റീ റിലീസ് ചെയ്യുന്നത്.
റീ റിലീസ് ചെയ്തിട്ടും ചിത്രം പ്രേക്ഷക ഹൃദയം നിറച്ച് പ്രദര്‍ശനം തുടരവെ സിനിമയെ കുറിച്ചും ചിത്രം ആദ്യം റിലീസ് ചെയ്യും മുമ്പ് താനും ഹൃദയം ടീമും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
നാൽപ്പത് വർഷങ്ങൾക്ക് ശേഷം മെറിലാന്റ് സിനിമാസിനെ നിർമാണത്തിലേക്ക് തിരികെ കൊണ്ടുവന്നതും വിശാഖാണ്. മെറിലാന്റിന്റെ ഇപ്പോഴത്തെ അവകാശിയാണ് വിശാഖ് സുബ്രഹ്മണ്യം. നടൻമാരായ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്.
‘ഹൃദയം റി-റിലീസ് എന്ന രീതിയിലല്ല വീണ്ടും എത്തുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളിലെ റൊമാന്റിക് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത സ്‌ക്രീനുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്.’
‘പി.വി.ആര്‍ സിനിമാസിന്റെയാളുകള്‍ ഞങ്ങളുമായി ബന്ധപ്പെട്ട് ഹൃദയം പ്രദര്‍ശിപ്പിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. ഇത് മികച്ചൊരു ആശയമായി എനിക്ക് തോന്നി. വാലന്റൈന്‍സ് വീക്ക് ആയതുകൊണ്ടാണ് ഹൃദയം ഞങ്ങള്‍ റി-റിലീസ് ചെയ്തത്.’
‘പ്രോഫിറ്റ് നോക്കിയല്ല ചിത്രം വീണ്ടും എത്തിച്ചിരിക്കുന്നത്. എല്ലാ സിനിമകളും റീ റിലീസിനെത്തിയാല്‍ വിജയമാകണമെന്നില്ല. റി-റിലീസ് എന്ന ട്രെന്റ് മലയാളത്തില്‍ ഇപ്പോഴാണ് വന്നത്. തമിഴ്‌നാട്ടില്‍ കുറച്ചുനാള്‍ മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയിരുന്നു.’
‘എന്റെ ഗ്രാന്റ്ഫാദര്‍ ചെയ്ത് 69-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ഹൃദയത്തിന്റെ നിറങ്ങള്‍ എന്നായിരുന്നു. ഹൃദയം എന്ന ടൈറ്റില്‍ വെച്ചുതന്നെ വീണ്ടും ചിത്രം ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു. ഹൃദയം എനിക്ക് വളരെ സ്‌പെഷ്യലാണ്. സൗഹൃദ വലയത്തില്‍ നിന്ന് സംഭവിച്ച ചിത്രമാണിത്.’
‘പ്രണവ്, കല്യാണി, വിനീത് ശ്രീനിവാസന്‍ എന്നിവരെല്ലാം എന്റെ കുടുംബ സുഹൃത്തുക്കളാണ്. സിനിമയില്‍ ഞങ്ങള്‍ ആദ്യമായി ഒരുമിച്ചത് ഹൃദയത്തിലൂടെയാണ്. ചിത്രം വലിയ വിജയമായതില്‍ വളരെയധികം സന്തോഷമുണ്ടായിരുന്നു.’
‘പണത്തിന് വേണ്ടിയല്ല ഹൃദയം ചെയ്തത്. ഹൃദയം എന്റെ ഡ്രീം പ്രൊജക്ടായിരുന്നു. എനിക്ക് ഒരു വീഴ്ച സംഭവിച്ചാല്‍ ഇവര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. കോവിഡ് കാരണം ഷൂട്ടിങ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് കൂടി. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.’
‘വിനീതും പ്രണവും സുചിത്ര ചേച്ചിയും ഒക്കെ കൂടെയുണ്ടാകുമെന്ന് വിശ്വാസമുണ്ട്. പുറത്ത് പോയി ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്താല്‍ എനിക്ക് അങ്ങനെയൊരു വിശ്വാസവും ധൈര്യവും കിട്ടില്ല. ഇവരോടൊപ്പം എനിക്ക് ധൈര്യമായി വര്‍ക്ക് ചെയ്യാനാകും.’
‘ഹൃദയം റി-റിലീസ് ചെയ്യുമെന്ന് സുചിത്ര ചേച്ചിയെ അറിയിച്ചിരുന്നു. എനിക്ക് പൂര്‍ണ വിശ്വാസമുള്ള തിരക്കഥയാണെങ്കിലേ മെറിലാന്റിന്റെ ബാനറില്‍ അടുത്ത ചിത്രം ചെയ്യുകയുള്ളു. വിനീത് ശ്രീനിവാസനുമൊത്തുള്ള പ്രോജക്ട് ഇനിയും സംഭവിക്കും.’
‘ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായതിനാല്‍ ഏപ്പോള്‍ വേണമെങ്കിലും സിനിമ നടക്കാം. വിനീത് ഇപ്പോള്‍ അഭിനയിക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞാലെ വിനീത് തിരക്കഥ എഴുതാന്‍ ഇരിക്കൂ. പ്രണവുമായി ഹൃദയം റി-റിലീസ് ചെയ്യുന്ന കാര്യം സംസാരിച്ചിരുന്നു.’
‘പ്രണവ് ഫെയ്സ്ബുക്കില്‍ ഇക്കാര്യം പങ്കുവെച്ചിട്ടുമുണ്ട്. പ്രണവും റി-റിലീസ് ചെയ്യുന്നതില്‍ സന്തോഷവാനാണ്. ടൂര്‍ ഒക്കെ കഴിഞ്ഞ് പ്രണവ് ഇന്ത്യയില്‍ എത്തിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. പ്രണവും ഒരു വര്‍ഷവുമായി അഭിനയിച്ചിട്ടില്ല.’
‘പ്രണവിനുള്ള സ്‌ക്രിപ്റ്റുകളും ഒരുവശത്തുണ്ട്. അടുത്ത മാസം മുതല്‍ ഇതെല്ലാം പ്രണവ് കേട്ടുതുടങ്ങും. പ്രണവിന്റെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനവും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്’ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.