കൊച്ചി:ഇന്നലെയായിരുന്നു സിനിമാ മേഖലയെയാകെ വേദനയിലാഴ്ത്തിക്കൊണ്ട് കലാഭവന്‍ ഹനീഫ് മരണപ്പെടുന്നത്. മിമിക്രി വേദികളിലൂടെയാണ് ഹനീഫ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടാന്‍ ഹനീഫിന് സാധിച്ചിരുന്നു. ഈ പറക്കും തളികയിലെ മണവാളനും കട്ടപ്പനയിലെ ശശിയെന്ന സോമനും തുറുപ്പു ഗുലാനിലെ കുടിയനുമെല്ലാം അങ്ങനെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചെറിയ വലിയ വേഷങ്ങളായിരുന്നു.
ഹനീഫിനെ അവസാനം കാണാനെത്തിയവരില്‍ മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ദിലീപ് വരെയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു ഹനീഫ് മരണപ്പെടുന്നത്. ആ മരണവാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സിനിമാ ലോകത്തിന്. ചിരിപ്പിക്കാന്‍ മാത്രം ശീലിച്ചിട്ടുള്ള ഹനീഫ് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നു പോവുകയാണ് സിനിമാ ലോകം.
”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മൂക്കയേയും ദിലീപിനേയും വിളിച്ചു പറയണം” എന്നായിരുന്നു തന്റെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ ഹനീഫ് മകന്‍ ഷാരൂഖിനോട് പറഞ്ഞത്. ഷാരൂഖ് വിളിച്ച് വിവരം അറിയിച്ചതും തങ്ങളുടെ പ്രിയ സുഹൃത്തിനെ കാണാനായി മമ്മൂട്ടിയും ദിലീപും എത്തുകയും ചെയ്തു. സിനിമയില്‍ 30 വര്‍ഷം പിന്നിട്ട ഹനീഫിനെക്കുറിച്ച് നല്ലത് മാത്രമേ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഓര്‍ക്കാനുള്ളൂ.
കലാഭവനിലേക്ക് ഹനീഫ് എത്തുന്നത് അയല്‍വാസിയും അടുത്ത സുഹൃത്തുമായ സൈനുദ്ദീന്‍ വഴിയാണ്. കലാഭവനില്‍ നിന്നും പലരും സിനിമയിലെത്തിയപ്പോള്‍ ഹനീഫും ആ വഴി തിരഞ്ഞെടുത്തു. അങ്ങനെ ചെപ്പു കിലക്കുണ ചങ്ങാതിയിലൂടെ ഹനീഫും അരങ്ങേറി. ദിലീപ് ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഹനീഫ്. ഒരു സീനിലാണെങ്കിലും വന്ന് തകര്‍ത്തു പോകുന്ന ഹനീഫിനെ ദിലീപ് സിനിമകളില്‍ കാണാന്‍ സാധിക്കും.
ഒരിക്കല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹനീഫ് തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ‘ജീവിതം എന്തു പഠിപ്പിച്ചു എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല. ഒരുപാട് ജോലികള്‍ ചെയ്തു. പോസ്റ്റ് ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പിന്നീട് പാര്‍സല്‍ സര്‍വീസ് കമ്പനിയില്‍ ബുക്കിങ് ക്ലര്‍ക്ക് ആയി. അപ്പോഴൊക്കെ മിമിക്രിയും കൂടെയുണ്ട്. അതിനുശേഷം ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ ജോലിക്ക് കയറി. ഇതിനിടയില്‍ സ്വന്തമായി ഒരു പലചരക്ക് കട നടത്തി. ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു,’ എന്നാണ് ഹനീഫ് പറഞ്ഞത്.
അതേസമയം, ജീവിതം കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. എന്റെ കാര്യത്തില്‍ കയറ്റങ്ങള്‍ കുറവും ഇറക്കങ്ങള്‍ കൂടുതലുമാണെന്നാണ് ഹനീഫ് പറഞ്ഞത്. എന്നാല്‍ ഏത് അവസ്ഥയിലും ആളുകളോട് നല്ല രീതിയില്‍ പെരുമാറണമെന്നാണ് വാപ്പ പറഞ്ഞിട്ടുള്ളത്. അതിന് പത്ത് പൈസ ടാക്‌സ് കൊടുക്കണ്ട… അത് ഇന്നും ഞാന്‍ പാലിക്കുന്നുണ്ടെന്നും ഹനീഫ് പറഞ്ഞിരുന്നു.
സിനിമയില്‍ വന്ന് ജീവിതം പച്ച പിടിക്കാതെ പോയ എത്രയോ പേര്‍ ഉണ്ടാവും. പല തകര്‍ച്ചകളില്‍ നിന്നും തല ഉയര്‍ത്തി നില്‍ക്കാന്‍ എനിക്ക് കഴിയുന്നത് നമ്മുടെ മാന്യതയും നമ്മുടെ ജീവിതരീതിയുമാണെന്നും ഹനീഫ് പറയുന്നുണ്ട്. അതേസമയം സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ചതികളെക്കുറിച്ചും ഹനീഫ് സംസാരിക്കുന്നുണ്ട്.
‘തോളത്തു കയ്യിട്ടു നിന്ന സുഹൃത്തുക്കള്‍ പോലും ചില ഘട്ടങ്ങളില്‍ നമ്മളെ തള്ളി താഴെ ഇട്ടിട്ടുണ്ട്. അതിന്റെ നേട്ടങ്ങള്‍ അവര്‍ക്ക് ഉണ്ടായിട്ടുമുണ്ട്. പക്ഷേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇന്നുവരെ ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. എന്റെ മനസ്സ് അതിന് അനുവദിക്കുകയുമില്ല,’ എന്നാണ് ഹനീഫ് പറയുന്നത്.