‘അമ്മയ്ക്കൊരു നല്ല ജീവിതം വേണം, നല്ലൊരാൾ വന്നാൽ പിടിച്ചു കെട്ടിക്കും; അച്ഛനെ മിസ് ചെയ്തിരുന്നു’: ഗ്ലാമി ഗംഗ
കൊച്ചി:സോഷ്യല്‍ മീഡിയയിലെ താരാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെയും മറ്റുമാണ് താരമാകുന്നത്. ഇന്ന് മലയാളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമൊക്കെയാണ് ഗ്ലാമി ഗംഗ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ഈയ്യടുത്ത് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.
അച്ഛനില്‍ നിന്ന് അനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ചും, പിന്നീട് അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം ഒരു വാടക വീട്ടിലേക്ക് താമസം മാറിയതിനെ കുറിച്ചുമൊക്കെയാണ് ഗംഗ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പമുള്ള ഗ്ലാമി ഗംഗയുടെ ഒരു ക്യൂ ആന്റ് എ വീഡിയോ വൈറലാവുകയാണ്. അച്ഛനെ കുറിച്ചും, ഗ്ലാമിയുടെ വിവാഹത്തെ കുറിച്ചും, അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുമൊക്കെ ആയിരുന്നു കൂടുതൽ ചോദ്യങ്ങൾ. അതിന് ഇരുവരും മറുപടി നൽകുന്നുണ്ട്.
എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അച്ഛനും അമ്മയും ഔദ്യോഗികമായി വിവാഹ മോചിതരായതെന്ന് ഗംഗ പറഞ്ഞു. അതുവരെ അച്ഛന്റെ ശല്യം തുടര്‍ന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടില്ല. എന്നാല്‍ ഏതു നിമിഷവും ഞങ്ങളത് പ്രതീക്ഷിക്കുന്നുണ്ടെന്നും ഗ്ലാമിയും അമ്മയും പറഞ്ഞു. സ്വന്തമായി ഒരു വീട് വേണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഗ്ലാമി ഗംഗ വ്യക്തമാക്കി.
വീടിനൊപ്പം രണ്ട് മക്കള്‍ക്കും നല്ല വിവാഹാലോചനകള്‍ വരണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു. ഗ്ലാമി ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം അവള്‍ക്ക് കിട്ടണം, രണ്ടാമത്തെ മകള്‍ക്ക് ഒരു ജോലി ശരിയാകണം. എന്നിട്ട് അവരെ രണ്ടു പേരെയും നല്ല രീതിയ്ക്ക് കല്യാണം കഴിപ്പിക്കാന്‍ കഴിയണം. അത്രയൊക്കെയേ താൻ എനിക്ക് ആഗ്രഹമുള്ളൂ എന്നായിരുന്നു അമ്മയുടെ വാക്കുകൾ.
എന്നാൽ തന്റെ കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. അതിന് പറ്റിയ ആള്‍ വരണം എന്നാണ് ഗ്ലാമി ഗംഗ പറയുന്നത്. പണമോ വലിയ വിദ്യാഭ്യാസമോ സൗന്ദര്യമോ വേണമെന്ന ഡിമാന്റ് ഒന്നും എനിക്കില്ല. പക്ഷെ സത്യസന്ധനായിരിക്കണം. ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളില്‍ താത്പര്യമുള്ള വ്യക്തിയാകരുത്. അങ്ങനെയൊക്കെയുള്ള ഒരാള്‍ വന്നാല്‍ വിവാഹം ഉണ്ടാവും. ഇല്ലെങ്കില്‍ ഉണ്ടാവില്ല എന്ന് ഗംഗ പറഞ്ഞു.
അച്ഛനെ മിസ്സ് ചെയ്യാറുണ്ടോ, അച്ഛനൊപ്പം എല്ലാം മറന്ന് ഇനി ഒരുമിച്ച് ജീവിക്കാന്‍ അമ്മ തയ്യാറാണോ എന്നൊക്കെ ആയിരുന്നു ചിലരുടെ ചോദ്യങ്ങൾ. അമ്മയ്ക്ക് ഇനിയൊരിക്കലും ആ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ താത്പര്യമില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞതാണ്. ഭര്‍ത്താവ് എന്ന നിലയില്‍ ആ മനുഷ്യനെ ഒരിക്കലും മിസ്സ് ചെയ്യുന്നില്ല എന്നും ഗംഗയുടെ അമ്മ വ്യക്തമാക്കി. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അച്ഛന്‍ എന്ന മനുഷ്യനെ താന്‍ ഒരുപാട് മിസ്സ് ചെയ്തിരുന്നുവെന്ന് ഗംഗ പറഞ്ഞു.
അച്ഛന്‍ എന്ന വാക്കിന് ഒരു ധൈര്യമുണ്ട്, അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പല വിഷമഘട്ടങ്ങളിലും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അങ്ങനെ ചിന്തിക്കാറില്ല. ഏത് അവസ്ഥയെയും എനിക്ക് തരണം ചെയ്യാന്‍ പറ്റും, എന്റെ അമ്മയെയും അനിയത്തിയെയുമൊക്കെ നോക്കാൻ എനിക്ക് കഴിയും എന്ന വിശ്വാസം എനിക്കുണ്ടെന്ന് ഗ്ലാമി ഗംഗ പറഞ്ഞു.
അച്ഛന്‍ ഇല്ലാത്ത സ്ഥാനത്ത് എന്റെ മകളാണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്ത് ചെയ്യുന്നതെന്നാണ് അമ്മ പറഞ്ഞത്. മകളായും അച്ഛനായും സഹോദരനായും എല്ലാം അവളുണ്ട്. അവളാണ് എന്റെ ആശ്വാസം. വേദന നിറഞ്ഞ ഘട്ടങ്ങളില്‍ നിന്നും എന്നെ കരകയറ്റിയത് എന്റെ മകളാണ്. ആരുടെയും കാര്യത്തിന് ഇടപെടാനോ അഭിപ്രായം പറയാനോ ഒന്നും അവള്‍ പോകാറില്ല. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അവള്‍ക്കൊട്ടും അസൂയയും ഇല്ല, അമ്മ പറഞ്ഞു.
ഗ്ലാമിയുടെ അമ്മ രണ്ടാം വിവാഹത്തിന് തയ്യാറാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ജീവിതം കൊണ്ട് പഠിച്ചു, ഇനി അങ്ങനെ ഒരു ജീവിതം വേണ്ട എന്നായിരുന്നു അമ്മയുടെ മറുപടി. പക്ഷെ നല്ല ഒരാള്‍ വന്നാല്‍ അമ്മയെ ഞാന്‍ പിടിച്ച് കെട്ടിക്കും എന്നാണ് ഗംഗ പറഞ്ഞത്. അമ്മയ്‌ക്കൊരു നല്ല ജീവിതം കിട്ടണമെന്നത് തന്റെ ആഗ്രഹമാണെന്നും ഗ്ലാമി ഗംഗ വ്യക്തമാക്കി.