KeralaNews

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി

ഇടുക്കി: ഇടുക്കി അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ദൃശ്യമായി. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് 2000ത്തിലധികം കുടുംബങ്ങള്‍ അധിവസിച്ചിരുന്ന വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായത്. ചെറിയ കടകളും മറ്റും ഉണ്ടായിരുന്ന അക്കാലത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി.

സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. കുളമാവില്‍നിന്നു കട്ടപ്പനക്ക് പോകുന്നവരുടെ ഇടത്താവളം കൂടിയായിരുന്നു.

1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറഞ്ഞപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിര്‍മാണത്തിനായി ഗ്രാമത്തിലെ കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലാണ് മാറ്റി താമസിപ്പിച്ചത്. ഒരു കുടുംബത്തിന് മൂന്ന് ഏക്കര്‍ വീതം സ്ഥലമാണ് നല്‍കിയിരുന്നത്. 

മൊട്ടക്കുന്നുകള്‍ക്ക് ഇടയിലൂടെയുള്ള വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോള്‍ കാണാം. വൈരമണിയിലെത്താന്‍ കുളമാവില്‍ നിന്ന് റിസര്‍വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. വൈരമണിയുടെ പേരില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ്. കുളമാവ് ഫോറസ്റ്റ് സ്റ്റേഷന്‍ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിലുള്ളത്.

100 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ജലനിരപ്പ് താഴ്ന്നാല്‍ പ്രത്യക്ഷമാകും. സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരില്‍ കുളമാവിലേക്കു മാറ്റിസ്ഥാപിച്ചു. വൈരമണിയില്‍ അഞ്ചാംക്ലാസ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയവുമുണ്ടായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button