NationalNews

അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി, എൻജിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ; വിഡിയോ വൈറൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വനിതാ എംഎൽഎ യുവ എൻജിനീയറുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മീര ഭായിന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജയിനാണ്, യുവ എൻജിനീയറുടെ മുഖത്തടിച്ചത്. മീര ഭായിന്ദർ മുനിസിപ്പൽ കോർപറേഷനിലെ അനധികൃത നിർമാണം ഒഴിപ്പിക്കാനെത്തിയ സംഘത്തിൽപ്പെട്ട യുവ എൻജിനീയർക്കാണ് മർദനമേറ്റത്.

രണ്ട് എൻജിനീയർമാരുമായി എംഎൽഎ ദീർഘനേരം തർക്കിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് ഇവരിൽ ഒരാളുടെ കോളറിനു പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തത്. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി ചില കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിയതോടെ ഏതാനും കുടുംബങ്ങൾ വഴിയാധാരമായിരുന്നു. മഴക്കാലം അടുത്തിരിക്കെ കുട്ടികളെ ഉൾപ്പെടെ പെരുവഴിയിലാക്കിയ നടപടിയെ ചോദ്യം ചെയ്താണ് എംഎൽഎ എൻജിനീയറെ തല്ലിയതെന്നാണ് വിവരം.

 

കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ എൻജിനീയർമാർക്ക് എന്താണ് അധികാരമെന്ന് എംഎൽഎ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കാണിക്കാനും ഇവർ ആവശ്യപ്പെട്ടു. മുൻപ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് മേയറായിരുന്ന ഇവർ, 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ചാണ് എംഎൽഎയായത്. പിന്നീട് ബിജെപിയിൽത്തന്നെ തിരിച്ചെത്തി. നിലവിൽ ബിജെപി–ശിവസേന സർക്കാരിനെ പിന്തുണയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button