ഇടുക്കി: നീരൊഴുക്കില്‍ കാര്യമായ കുറവ് വരാത്തതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് അധികമായി തുറന്നുവിട്ട ജലം ചെറുതോണിയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകള്‍ തുറന്നെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലായി 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാന്‍ 23 സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് നാളെ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ എട്ട മണിയോടെ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാനാണ് നിലവിലെ തീരുമാനം. സെക്കന്‍ഡില്‍ 8.50 ക്യുബിക്ക് മീറ്റര്‍ വെള്ളമായിരിക്കും ഈ ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുക. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകളും തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 35 ക്യുബിക്ക് മീറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കാനുള്ള അനുമതിയുണ്ട്. 773.70 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ രാത്രിയോടെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടു. അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റന്നാള്‍ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.