ഇടുക്കി:ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസ്സുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഇവർക്ക് ഏപ്രിൽ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച് 25ന് ആയിരുന്നു.
സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (9/5/20, 5 pm വരെ ) കേരളത്തിലെത്തിയത് 220 പേര്‍. 105 പുരുഷന്‍മാരും 100 സ്ത്രീകളും 15 കുട്ടികളുമാണ് സ്വന്തം നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട് – 189, മഹാരാഷ്ട്ര – 4, കര്‍ണ്ണാടകം – 18, ഡൽഹി – 9 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 59 പേര്‍ ഇടുക്കി ജില്ലയിലേയ്ക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 188 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 32 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റെയിൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.