ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം രണ്ടാംതരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളില്‍നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്ന് പഠനത്തില്‍ പറയുന്നു.
അതേസമയം, വാക്സിനേഷനിലെ അപാകതകള്‍ ചിലപ്പോള്‍ പ്രതികൂലമാകാന്‍ സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജ്യത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.