ഷാർജ:ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിർണായക പോരാട്ടത്തിൽ വിൻഡീസിന് ജയം. ബംഗ്ലാദേശിനെതിരേ ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തിൽ മൂന്നു റൺസിനായിരുന്നു വിൻഡീസ് നിരയുടെ ജയം. ഇത്തവണത്തെ ടൂർണമെന്റിൽ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെടുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്. മൂന്നാം തോൽവിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി.
വിൻഡീസ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ.
43 പന്തിൽ നിന്ന് നാലു ഫോറടക്കം 44 റൺസെടുത്ത ലിട്ടൺ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
143 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ഇത്തവണ മുഹമ്മദ് നയീമിനൊപ്പം ഷാക്കിബ് അൽ ഹസനാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
സ്കോർ 21-ൽ നിൽക്കേ 12 പന്തിൽ നിന്ന് ഒമ്പത് റൺസുമായി ഷാക്കിബ് മടങ്ങി. പിന്നാലെ ആറാം ഓവറിൽ നയീമിനെയും അവർക്ക് നഷ്ടമായി. 19 പന്തിൽ നിന്നും 17 റൺസെടുത്ത താരത്തെ ജേസൺ ഹോൾഡറാണ് മടക്കിയത്.
തുടർന്ന് ക്രീസിൽ ഒന്നിച്ച സൗമ്യ സർക്കാരും ലിട്ടൺ ദാസും ചേർന്ന് ബംഗ്ലാ സ്കോർ 60 വരെയെത്തിച്ചു. 11-ാം ഓവറിൽ സൗമ്യ സർക്കാരിനെ മടക്കി അകെൽ ഹൊസെയ്ൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തിൽ നിന്ന് 17 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
14-ാം ഓവറിൽ ഫോമിലുള്ള മുഷ്ഫിഖുർ റഹീമും (8) മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ലിറ്റൺ ദാസ് – ക്യാപ്റ്റൻ മഹ്മദുള്ള സഖ്യം ടീമിനെ 130 വരെയെത്തിച്ചു. 19-ാം ഓവറിൽ ലിട്ടൺ ദാസ് മടങ്ങിയത് ബംഗ്ലാദേശിന് തിരിച്ചടിയായി.
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒമ്പത് റൺസ് മാത്രമാണ് നേടാനായത്. മഹ്മദുള്ള 24 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 31 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തിരുന്നു.
വിൻഡീസിന്റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്നിരയെ പിടിച്ചുകെട്ടാൻ ബംഗ്ലാദേശ് ബൗളർമാർക്കായി. എങ്കിലും മൂന്നിലേറെ ക്യാച്ചുകളും സ്റ്റമ്പിങ് അവസരവുമാണ് ബംഗ്ലാദേശ് താരങ്ങൾ കളഞ്ഞുകുളിച്ചത്.
എവിൻ ലൂയിസ് (6), ക്രിസ് ഗെയ്ൽ (4), ഷിംറോൺ ഹെറ്റ്മയർ (9), ആന്ദ്രേ റസ്സൽ (0), ഡ്വെയ്ൻ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങിൽ പരാജയമായി.
22 പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റൺസെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിൻഡീസിനെ 100 കടത്തിയത്.
റോസ്റ്റൺ ചേസ് 46 പന്തുകൾ നേരിട്ട് 39 റൺസെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.
അവസാന ഓവറുകളിൽ തകർത്തടിച്ച ജേസൺ ഹോൾഡർ വെറും അഞ്ചു പന്തിൽ നിന്ന് 15 റൺസെടുത്തു. ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് 18 പന്തിൽ നിന്ന് 14 റൺസുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി മെഹ്ദി ഹസൻ, മുസ്തഫിസുർ റഹ്മാൻ, ഷോരിഫുൾ ഇസ്ലാം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.