ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയുംകണ്ടിട്ട് ഡിജിപിക്ക് മനസ്സിലായില്ലേ? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തെ വിമർശിച്ച് ഹൈക്കോടതി. മോൻസണിന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേ എന്ന് ചോദിച്ച കോടതി ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും നിരീക്ഷിച്ചു.

മോൻസൺ കേസിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉയർത്തിയത്. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു. മോൻസണിന്റെ വീട് സന്ദർശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേ എന്നാണ് കോടതിയുടെ ചോദ്യം.

നാട്ടിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിക്കുന്നു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

ഇവർ ആര് ക്ഷണിച്ചിട്ടാണ് പോയത്? 2019 മെയ് മാസം 11ാം തിയ്യതിയാണ് മോൻസണിനെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോൻസൺ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. മോൻസണിനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നൽകി. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോ എന്നും കോടതി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News