KeralaNews

തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് സംഘര്‍ഷ മുന്നറിയിപ്പു കൈമാറിയത്. ചെറുതും വലുതുമായ കാരണങ്ങളാല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളുമുണ്ടായ എല്ലാ സ്ഥലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അതീവ ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ്.

സ്വര്‍ണക്കത്ത്, ലൈഫ് കോഴ, ഡോളര്‍ കള്ളക്കടത്ത് തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളെല്ലാം പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആയുധമാക്കിയത് രാഷ്ട്രീയമായി ഭരണകക്ഷിക്ക് ദോഷമുണ്ടാക്കിയിരുന്നു. ഇതിന് മറുമരുന്നായി രാഷ്ട്രീയമായ ആരോപണങ്ങള്‍ക്കൊപ്പം വ്യക്തിഹത്യ പോലുള്ള നടപടികളുണ്ടായത് പല സ്ഥലങ്ങളിലും ഭരണ -പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക് പോരിനും സംഘര്‍ഷങ്ങള്‍ക്കും കാരണമായി.

കഴിഞ്ഞദിവസം കൊല്ലം മണ്‍റോതുരുത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിക്കാനിടയായ സംഭവവും നിസാരമായ വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയത്. കൊല്ലപ്പെട്ട മണിലാലും അറസ്റ്റിലായ അശോകനും പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. മണ്‍റോതുരുത്തിലെ തിരഞ്ഞെടുപ്പുമായും മത്സരവുമായും ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം തെറിവിളിയിലും കയ്യാങ്കളിയിലുമെത്തിയതിന് പിന്നാലെയാണ് കത്തിക്കുത്തും കൊലപാതകവുമുണ്ടായത്.

ചടയമംഗലത്ത് കഴിഞ്ഞദിവസം പരസ്യപ്രചാരണത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സി.പി.എം പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റവും സംഘര്‍ഷവുുണ്ടായി. പോലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സമാന സാഹചര്യങ്ങളുണ്ടായ നിരവധി സ്ഥലങ്ങള്‍ പലയിടത്തുമുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വാക്കേറ്റവും സംഘര്‍ഷവും വെഞ്ഞാറമൂട്ടില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കലാശിച്ച സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും അവഗണിക്കാന്‍ പാടില്ലെന്ന താക്കീതും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker