കൊച്ചി:മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശ്രീവിദ്യ. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യയെ മലയാളികൾ എന്നും സ്നേഹത്തോടെയാണ് ഓർക്കാറ്. മറ്റ് പല നടിമാരോടും ഇല്ലാതിരുന്ന മമത ശ്രീവിദ്യയോട് പ്രേക്ഷകർക്കുണ്ടായിരുന്നു. എല്ലാവരോടും നന്നായി സംസാരിക്കുന്ന, കരുണയോടെ പെരുമാറുന്ന സ്ത്രീയായിരുന്നു സിനിമാ ലോകത്തിന് ശ്രീവിദ്യ. അന്നും ഇന്നും ശ്രീവിദ്യ എന്ന പേരിന് പ്രസക്തിയുണ്ടാവാൻ കാരണം നടിക്ക് സിനിമ ലോകവുമായുണ്ടായിരുന്ന ആത്മബന്ധമാണ്. പ്രായമായപ്പോൾ അമ്മ വേഷങ്ങളാണ് നടി കൂടുതലും ചെയ്തത്.
അനിയത്തി പ്രാവ്, പവിത്രം തുടങ്ങിയ സിനിമകളിൽ നടി ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. കരിയറിൽ തിളങ്ങി നിന്ന സമയത്ത് പഞ്ചവടിപ്പാലം, ഇടവഴിയിലെ മിണ്ടാപ്പൂച്ച, റൗഡി രാജമ്മ തുടങ്ങിയ സിനിമകളിലൂടെ ശ്രീവിദ്യ മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രശസ്ത ഗായിക എംഎൽ വസന്തകുമാരിയുടെ മകളാണ് ശ്രീവിദ്യ. അഭിനയമാണ് കരിയറായി തെരഞ്ഞെടുത്തതെങ്കിലും സംഗീതം ശ്രീവിദ്യക്കൊപ്പമുണ്ടായിരുന്നു.
അവസാന നാളുകളിൽ സംഗീതമായിരുന്നു ശ്രീവിദ്യക്ക് ആശ്വാസം. 2006 ലായിരുന്നു ശ്രീവിദ്യയുടെ മരണം. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ശ്രീവിദ്യ. ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച് നിരവധി സീരിയലുകൾക്ക് കഥയെഴുതിയ ജോയ്സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയൽ ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് ജോയ്സി പങ്കുവെച്ചത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റിൽ ഹിറ്റായി മാറിയ സീരിയലായിരുന്നു ഓമനത്തിങ്കൾ പക്ഷി. ലെന, ശ്രീവിദ്യ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ലെന ആദ്യമായി അഭിനയിച്ച സീരിയലുമായിരുന്നു ഇത്. ജാൻസി എന്നായിരുന്നു ലെനയുടെ കഥാപാത്രത്തിന്റെ പേര്. അന്നമ്മ എന്ന കഥാപാത്രമാണ് ശ്രീവിദ്യ ചെയ്തത്.
ലെനയുടെ കഥാപാത്രം ശ്രീവിദ്യയുടെ കഥാപാത്രത്തോട് സ്വന്തം ജീവിത കഥ പറയുന്ന രംഗമുണ്ട്. അവരനുഭവിച്ച കഷ്ടതകൾ കേട്ട് ശ്രീവിദ്യ ചേച്ചിയും കരഞ്ഞു. ചേച്ചി കരയേണ്ട ആവശ്യമില്ല. ചേച്ചി വളരെ ബോൾഡായ ക്യാരക്ടറാണെന്ന് ഞാൻ പറഞ്ഞു. ചേച്ചിക്ക് കരയണം. ഇത്തിരി വാശിയോടെ പറഞ്ഞു എനിക്ക് ഇങ്ങനത്തെ സങ്കട കഥകൾ കേട്ടാൽ കരച്ചിൽ വരുമെന്ന്. ചേച്ചി വാശി പിടിച്ചു. അവർ പിണങ്ങി മാറിയിരുന്നു. ഷൂട്ടിംഗ് നിർത്തി വെച്ചു. കരഞ്ഞ് കൊണ്ടല്ലാതെ ചെയ്യില്ലെന്ന്.
രണ്ട് മണിക്കൂർ ഷൂട്ടിംഗ് നിർത്തി. പിന്നെ സംസാരിച്ച് അവർ കരയാതെ ആ സീൻ ഷൂട്ട് ചെയ്തു. എനിക്കൊരു അമളി പറ്റി. അവർ എക്സ്പീരിയൻസുള്ള ആർട്ടിസ്റ്റല്ലേ, എങ്ങനെ ആ രംഗം അവരുദ്ദേശിച്ച രീതിയിൽ കൊണ്ട് വരണമെന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു. സ്റ്റുഡിയോയിൽ ഡബ്ബിംഗിന് വന്നപ്പോൾ അവർ കരച്ചിലും തേങ്ങലുമിട്ടു. എപ്പിസോഡ് വന്നപ്പോൾ കരച്ചിലുണ്ട്. ആ ഒരു സംഭവത്തോടെ അവർക്കെന്നോടൊരു അനിഷ്ടം പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉണ്ടായിരുന്നു, ജോയ്സി പറഞ്ഞു.
കഥാപാത്രങ്ങളെ ഇമോഷണലായാണ് ശ്രീവിദ്യ സ്വീകരിച്ചിരുന്നതെന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്. പവിത്രം എന്ന സിനിമയിൽ ഗർഭിണിയാണെന്നറിഞ്ഞ രംഗം ചിത്രീകരിക്കുമ്പോൾ ശ്രീവിദ്യ ആ കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടെന്നും തുടക്കത്തിൽ അവരെ മാനസികമായി ആ സീൻ അസ്വസ്ഥമാക്കിയെന്നും സംവിധായകൻ ടികെ രാജീവ് കുമാർ അടുത്തിടെ പറഞ്ഞിരുന്നു. പ്രായം വൈകി ഗർഭിണിയാവുന്ന സ്ത്രീയെയായിരുന്നു സിനിമയിൽ ശ്രീവിദ്യ അവതരിപ്പിച്ചത്. സിനിമയും ഈ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടി.