രാത്രി ആ നടിയുടെ വാതിലില്‍ മുട്ടി വിളി; നടിയെ രക്ഷിക്കാന്‍ ചെന്ന് സോമനായെന്ന് ടിനി ടോം
കൊച്ചി:നായകനായി അഭിനയിക്കാനിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് ടിനി ടോം. നഴ്‌സിനെ വിവാഹം കഴിച്ച് വിദേശത്തെത്തുന്ന യുവാവിന്റെ കഥ പറയുന്നതായിരുന്നു സിനിമ. ഇതിന്റെ ലൊക്കേഷനായി പറഞ്ഞിരുന്നത് മൗറീഷ്യസായിരുന്നുവെന്നും ടിനി പറയുന്നു.
നഴ്സയായ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് തിരിച്ചറിയുന്ന യുവാവ് അവളുടെ സുഹൃത്തിനെ വിവാഹം കഴിക്കുന്നതും അങ്ങനെ പ്രതികാരം വീട്ടുന്നതായിരുന്നു കഥയെന്നാണ് ടിനി പറയുന്നത്. മലയോര കർഷകന്റെ മകനായിരുന്നു താന്‍ അഭിനയിക്കുന്ന നായകനെന്നും ടിനി പറയുന്നു.
ചിത്രത്തില്‍ തനിക്കൊപ്പം കൈലാഷ്, നന്ദു ചേട്ടനുമൊക്കെയുണ്ട്. ഞങ്ങളുടെ കൂടെ മലയാള സിനിമയില്‍ അത്ര പ്രശസ്തയല്ലാത്തൊരു നടിയുമുണ്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് നായികയായി അഭിനയിക്കുന്ന മേഘ്‌ന രാജും വരും. പോകുന്നതിന് തൊട്ട് മുമ്പ് ലൊക്കേഷന്‍ മൗറീഷ്യസില്‍ നിന്നും മലേഷ്യയാക്കിയതായി അറിയിച്ചു.
എന്നാല്‍ പിന്നെയും ലൊക്കേഷന്‍ മാറ്റി. ഇത്തവണ ലൊക്കേഷനായി തീരുമാനിക്കപ്പെട്ടത് ശ്രീലങ്കയായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് ശ്രീലങ്കയിലെത്തി.
സ്വീകരിക്കാന്‍ വന്നയാള്‍ ഓട്ടോയിലായിരുന്നു വന്നതെന്നും മദ്യപിക്കുക മാത്രമല്ല അയാളുടെ കൈയിലൊരു മദ്യക്കുപ്പിയുമുണ്ടായിരുന്നുവെന്നാണ് ടിനി ഓര്‍ക്കുന്നത്. വലിയൊരു വീട്ടിലായിരുന്നു താമസം ഒരുക്കിയിരുന്നത്.
അയാളുടെ കാലില്‍ പുലികള്‍ വെടിവച്ചുണ്ടായ ഒരു തുളയുണ്ടായിരുന്നുവെന്നും വീട് നിന്ന ഇരിടം ഭീതിപ്പെടുത്തുന്നതുമായിരുന്നുവെന്നും ടിനി ഓര്‍ക്കുന്നുണ്ട്. വൈകിട്ടായിരുന്നു സിനിമയുടെ പൂജ.
ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടെ കേരളത്തില്‍ നിന്നുമുള്ള രണ്ട് പേരെ തങ്ങള്‍ പരിചയപ്പെടുകയും അവരുടെ നമ്പറുകള്‍ വാങ്ങിയിരുന്നുവെന്നും ടിനി ഓര്‍ക്കുന്നുണ്ട്. പൂജയ്ക്ക് മന്ത്രി വന്നിരുന്നവെന്ന വിവരം അവരെ അറിയിച്ചപ്പോള്‍ അതിന് സാധ്യതയില്ലെന്നും മന്ത്രി വരണമെങ്കില്‍ വലിയ സുരക്ഷയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
രാത്രിയായപ്പോള്‍ നടിയുടെ ഫോണ്‍ കോള്‍ വന്നു. വാതിലില്‍ മുട്ടലും ശല്യവുമാണെന്നും ഒന്ന് വരുമോ ചേട്ടാ എന്ന് ചോദിച്ചുവെന്നും ടിനി പറയുന്നു.
കൂടെയുള്ള സ്ത്രീകളെ താന്‍ സഹോദരിമാരായിട്ടാണ് കാണുകയെന്നും അത് മൂലം തനിക്ക് ഒരുപാട് പണി കിട്ടിയിട്ടുണ്ടെന്നും ടിനി പറയുന്നു. താന്‍ ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ പേടിക്കാനില്ലെന്നായിരുന്നു നന്ദുവിന്റെ പ്രതികരണമെന്നും ടിനി പറയുന്നുണ്ട്.
അതേസമയം, ഇതേക്കുറിച്ച് അറിയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ നടിയുടെ കോള്‍ വീണ്ടും വന്നതോടെ താന്‍ കൈലാഷിനേയും നന്ദുവിനേയും കൂട്ടി അന്വേഷിക്കാന്‍ പോയി.
എന്നാല്‍ അവിടെ എത്തുമ്പോഴേക്കും എന്തോ സെറ്റില്‍മെന്റ് നടന്നുവെന്നും സഹോദരനായ താന്‍ പുറത്താക്കപ്പെട്ടുവെന്നുമാണ് ടിനി ടോം പറയുന്നത്. ഇവിടെ ഒരു കുഴപ്പവുമില്ലെന്നായിരുന്നു നടി പറഞ്ഞതെന്നും അതോടെ താന്‍ സോമനായെന്നും ടിനി പറയുന്നു.
അതേസമയം അഞ്ച് ദിവസം അവിടെ തങ്ങിയിട്ടും ഷൂട്ടിംഗ് ഒന്നും നടന്നില്ലെന്നും മന്ത്രിയെന്ന് പറഞ്ഞ് വന്നത് മന്ത്രിയായിരുന്നില്ലെന്നും ടിനി പറയുന്നു. ഒടുവില്‍ പോലീസ് വന്നപ്പോഴാണ് ഷൂട്ടിംഗിനുള്ള അനുമതി പോലുമില്ലായിരുന്നുവെന്ന് അറിയുന്നത്.
ഉടനെ തന്നെ നേരത്തെ പരിചയപ്പെട്ട മലയാളികളുടെ അടുത്തേക്ക് തങ്ങള്‍ പോയെന്നും തുടർന്ന് നിർമ്മാതാവ് ടിക്കറ്റ് അയച്ചു തന്നത് പ്രകാരം നാട്ടിലേക്ക് തിരിച്ചു വന്നതെന്നും ടിനി ടോം പറയുന്നത്. എന്തായാലും ആ സിനിമ പിന്നീട് നടന്നുവെന്നും അദ്ദേഹം പറയുന്നു.
അന്ന് നടക്കാതെ പോയ ആ സിനിമയാണ് പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയായി മാറുന്നത്. തന്നോട് പറഞ്ഞ കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും തന്നോട് പറഞ്ഞ കഥ ഇതിലും മനോഹരമായിരുന്നുവെന്നും ടിനി പറയുന്നു.
ജോസൂട്ടി എഴുതിയ സുവിശേഷം എന്ന പേരിലായിരുന്നു ആദ്യം സിനിമ ചെയ്യാനിരുന്നത് എന്നാണ് ടിനി പറയുന്നത്. സിനിമയുടെ പേര് ലെെഫ് ഓഫ് ജോസൂട്ടിയാണെങ്കില്‍ തങ്ങള്‍ക്ക് അന്ന് ശ്രീലങ്കയില്‍ നിന്നും തിരിച്ചു കിട്ടിയത് യഥാർത്ഥ ജീവിതം തന്നെയാണെന്നും ടിനി പറയുന്നു.