കൊച്ചി:മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാരിൽ ഒരാളാണ് സയനോര. വ്യത്യസ്തമായ ആലപാന ശൈലിയിലൂടെയാണ് സയനോര പ്രിയങ്കരിയായി മാറിയത്. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് വർഷങ്ങളായി പ്രാവർത്തിക്കുന്ന സയനോര ഇപ്പോൾ ഗായിക, സംഗീത സംവിധായക എന്നതിനൊക്കെ ഉപരി ഒരു നടി കൂടിയായി മാറിയിരിക്കുകയാണ്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലാണ് സയനോര അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ സയനോരയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. പാർവതി തിരുവോത്ത്, നിത്യ മേനോൻ, നാദിയ മൊയ്‌തു, അർച്ചന പദ്മിനി തുടങ്ങിയ ചിത്രം സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അടക്കം സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ അറിയിച്ചു കൊണ്ട് പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട് സയനോര. ഒരിടക്ക് വലിയ രീതിയിൽ സൈബർ ആക്രമങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് സയനോര സോഷ്യൽ മീഡിയയിൽ വിമർശനവും ഒപ്പം സൈബർ ബുള്ളിയിങ്ങും നേരിട്ടത്.
സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവച്ചതിന് പിന്നാലെ ആയിരുന്നു സയനോരയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളും ആക്രമണവും ഉണ്ടായത്. നിരവധി പേർ പോസിറ്റീവ് കമന്റുകൾ നൽകി ഏറ്റെടുത്ത വീഡിയോയോട് ചിലർ വളരെ മോശം രീതിയിലാണ് പ്രതികരിച്ചത്.
സയനോരയുടെ വസ്ത്രധാരണം കേരളീയ സംസ്‌കാരത്തിന് എതിരാണെന്നായിരുന്നു ചിലരുടെ കമന്റ്. വിമർശനം അതിരു കടന്നപ്പോൾ സയനോര തന്നെ മറുപടിയുമായി എത്തിയിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് സയനോര സംസാരിച്ചിരുന്നു.
ഇപ്പോഴിതാ, മിർച്ചി മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അന്നത്തെ സംഭവങ്ങൾ തന്നെ ഭയങ്കരമായി വേദനിപ്പിച്ചിട്ടില്ല എന്ന് പറയുകയാണ് സയനോര. അവരുടെ ബോധ്യമൊന്നും തന്നിലേക്ക് അടിച്ചേൽപ്പിച്ചിട്ട് കാര്യമില്ലെന്നും താൻ എന്താണെന്ന് തനിക്ക് അറിയാമെന്നും താരം പറയുന്നു. ആ വൈറൽ വീഡിയോ കണ്ടാണ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതെന്നും സയനോര പറയുന്നുണ്ട്.
‘എനിക്ക് അന്നും അത് അങ്ങനെ ഭയങ്കര പെയിൻ ഫുള്ളായിട്ട് തോന്നിയിട്ടില്ല. അത് എന്താണെന്ന് വെച്ചാൽ അതൊക്കെ ഓരോരുത്തരുടെ ജീവിതത്തെ പറ്റിയിട്ടും സൗന്ദര്യത്തെ പറ്റിയിട്ടും ഓരോരുത്തർക്കുള്ള കാഴ്ചപ്പാടുകളാണ്. ആ ഒരു ബോധ്യം എന്റെ മേലിലേക്ക് അടിച്ചേലിപ്പിച്ചിട്ട് കാര്യമില്ല. കാരണം ഞാൻ എന്താണെന്ന് എനിക്ക് അറിയാം. ഏറ്റവും മോശപ്പെട്ട സമയത്ത് നിന്നാണ് നമ്മൾ സ്വയം സ്നേഹിക്കാൻ തുടങ്ങുന്നത്. അത് ജീവിതത്തിലെ ഒരു ഘട്ടമാണ്,’
‘അത് വരെ നമ്മൾ സമൂഹം പറയുന്നത് കേട്ട് നമ്മുക്ക് ഇങ്ങനത്തെ പ്രശ്‌നങ്ങൾ ഉണ്ടല്ലേ എന്നൊക്കെ കരുതിയിരിക്കും. എന്തെങ്കിലും ഒക്കെ ചെറിയ കാര്യങ്ങൾ നമ്മൾ കണ്ടു പിടിക്കും. നമ്മുടെ വയർ ഉന്തി നിൽക്കുന്നുണ്ട്. സ്‌ട്രെച് മാർക്കുണ്ട്. എന്നൊക്കെ പറഞ്ഞ് നമ്മളെ തന്നെ വെറുക്കാൻ നമ്മൾ പല കാരണങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെയാണ് സമൂഹം നമ്മളെ കണ്ടീഷൻ ചെയ്ത് വെച്ചിരിക്കുന്നത്,’
‘നമ്മൾ തന്നെയാണ് അതിനെ ബ്രേക്ക് ചെയ്യേണ്ടത്. അങ്ങനെ കുറെ കാര്യങ്ങൾ വായിച്ചറിഞ്ഞു വന്ന ശേഷമാണു ഞാൻ എന്നോട് കൂടുതൽ സ്നേഹവുമെല്ലാം കാണിച്ചു തുടങ്ങിയത്. ഞാൻ ആ വീഡിയോ കുറെ കണ്ടു നോക്കി. ഇവർക്ക് ഇതിൽ എന്താണ് ഇത്ര പ്രശ്‌നം തോന്നുന്നത്. എനിക്ക് ഒന്നും മനസിലാവുന്നില്ലല്ലോ എന്നൊക്കെ ആലോചിച്ചു,’
‘ഓരോരുത്തരും ഇതൊക്കെ മനസിലാക്കുന്നതിനും പഠിക്കുന്നതിനുമൊക്കെ ഓരോ സമയമുണ്ട്. എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. ഓരോരുത്തർക്ക് അതൊക്കെ പഠിക്കാനുള്ള യോഗം ഉണ്ടെങ്കിൽ അവർ പഠിക്കുമായിരിക്കും. ചിലപ്പോൾ അവർ പഠിക്കുകയെ ചെയ്യില്ലായിരിക്കും. പക്ഷെ അത് എല്ലാവരേയും പഠിപ്പിക്കേണ്ടത് എന്റെ ചുമതലയും അല്ലെന്ന് ഞാൻ മനസിലാക്കി. അപ്പോൾ എനിക്ക് നല്ല സമാധാനമുണ്ട്,’ സയനോര പറഞ്ഞു.