ചെന്നൈ:നടൻ വിജയ് ആന്റണിയുടെ മകളുടെ മരണം ഞെട്ടിക്കുന്നതായിരുന്നു. പതിനാറുകാരിയായ മീരയെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നടൻ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സ്‍നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ഒരു ലോകത്താണ് ഉള്ളത് എന്ന് സംഗീത സംവിധായകനുമായ വിജയ് ആനറണി എഴുതുന്നു. മാത്രമല്ല ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു.
ഞാൻ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും ഞാൻ അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യും എന്നും കുറിപ്പില്‍ എഴുതിയ നടൻ വിജയ് ആന്റണിയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.
ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്‍തംബര്‍ 19 പുലര്‍ച്ചെ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീര സ്‍കൂളില്‍ അടക്കം വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു. സ്‍കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര.
മീര ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‍കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസിലായിരുന്നു മീര പഠിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്ന ഒരു സിനിമാ നടനായ വിജയ് ആന്റണിക്ക് സംഭവിച്ച ദുരന്തത്തില്‍ ആശ്വാസ വാക്കുകള്‍ പറയാനാകാത്ത അവസ്ഥയിലായിരുന്നു സുഹൃത്തുക്കളും. തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ട വിജയ് ആന്റണി ഇപ്പോള്‍ പ്രതികരണവുമായി എത്തിയത് തെല്ലൊന്ന് ആശ്വാസത്തിലാക്കിയിട്ടുണ്ട് സുഹൃത്തുക്കളെ.
ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത സിനിമാ ലോകവും ആരാധകരും കേട്ടത്. ഒരു മരവിപ്പായിരുന്നു വാർത്ത അറിഞ്ഞപ്പോൾ എന്നാണ് സിനിമാലോകത്ത് സജീവമായുള്ളവർ അനുശോചനം രേഖപ്പെടുത്തി സംസാരിക്കവെ പറഞ്ഞത്.
പതിനാറ് വയസ് മാത്രം പ്രായമുള്ള മീര എന്തിന് ഇത്തരമൊരു തീരുമാനമെടുത്തുവെന്നതാണ് എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം. സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും എപ്പോഴും സന്തോഷവതിയും ഊർജസ്വലയുമായിരുന്നു മീര.
താരപുത്രിയുടെ അടുത്ത കൂട്ടുകാർ പോലും മീരയുടെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം കൂടി തങ്ങളെല്ലാവരും ഒരുമിച്ച് കൂടിയതും സംസാരിച്ചതുമാണെന്നും അപ്പോഴെല്ലാം മീര സന്തോഷവതിയായിരുന്നുവെന്നും ഫോൺ വിളിക്കാമെന്ന് പറഞ്ഞാണ് തങ്ങൾ പിരിഞ്ഞതെന്നുമാണ് മീരയുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
ധൈര്യശാലിയും നൃത്തത്തിൽ കമ്പമുള്ള കുട്ടിയുമായിരുന്നു മീര. ഒരു തെറ്റോ കുറ്റമോ മീര എന്ന തങ്ങളുടെ വിദ്യാർത്ഥിനിയെ കുറിച്ച് പറയാനില്ലെന്നാണ് അധ്യാപകരും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു.
സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. ആ ചടങ്ങിൽ പങ്കെടുക്കാൻ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയും മകളുടെ സ്കൂളിൽ എത്തിയിരുന്നു. മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
മകളുടെ സ്‌കൂളിലെ നേട്ടം പ്രകീർത്തിച്ചുകൊണ്ടുള്ള ഫാത്തിമയുെട കുറിപ്പ് വീണ്ടും വൈറലാകുമ്പോൾ ആരാധകരെ അത് വേദനയിലാഴ്ത്തുകയാണ്. സ്‌കൂൾ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോയിൽ സ്‌കൂളിൽ മകൾ ഒരു നാഴികക്കല്ല് കൈവരിച്ചതായി രേഖപ്പെടുത്തിയിരുന്നു ഫാത്തിമ. ‘എന്റെ ശക്തിക്ക് കരുത്ത് പകരുന്നവൾ.’
‘എന്റെ കണ്ണുനീരിലെ സാന്ത്വനം… എന്റെ സമ്മർദവും (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി…. അഭിനന്ദനങ്ങൾ ബേബി’, എന്നാണ് വെള്ള നിറത്തിലുള്ള യൂണിഫോം ധരിച്ച മീരയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് ഫാത്തിമ എഴുതിയിരുന്നത്.
ഒരു മകൾ കൂടി വിജയ് ആന്റണിക്കുണ്ട്. നടന്റെ തീരാനഷ്ടത്തിൽ ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചേർന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയത് വിജയ് തന്നെയാണ്.
മകളുടെ മുഖം ക്യാമറയിൽ ആരും പകർത്താതിരിക്കാൻ വെള്ള തൂവാലകൊണ്ട് വിജയ് ആന്റണി മറച്ചിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം വിജയിയും ഭാര്യയും മകളുടെ സമീപത്ത് നിന്നും ഒരു സെക്കന്റ് പോലും മാറിയില്ല. മകളുടെ ശരീരത്തെ കെട്ടിപിടിച്ച് പൊട്ടികരയുന്ന വിജയ് ആന്റണിയുടെ വീഡിയോ വൈറലാണ്.
മകളുടെ ശരീരത്തിൽ കെട്ടിപിടിച്ച് കരയുന്ന വിജയിയെ ആശ്വസിപ്പിക്കാൻ നടൻ സിമ്പു അടക്കമുള്ളവർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അവസാനമായി അമ്മയ്ക്കൊപ്പം എത്തി നിർധനർക്ക് സഹായം ചെയ്യുന്ന മീരയുടെ വീഡിയോയും വൈറലാണ്. നടൻ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, ഉദയനിധി സ്റ്റാലിൻ, കാർത്തി തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിയുടെ മകളെ അവസാനമായി കാണാനെത്തി.മരണ കാരണം വ്യക്തമല്ലെങ്കിലും മീര മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും രണ്ടാമത്തെ മകളുടെ പേര് ലാറ എന്നാണ്.