അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്,കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ:കനി കുസൃതി
കൊച്ചി:കേരള കഫേ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് കനി കുസൃതി. ചിത്രത്തിലെ കനിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവരെ തേടി എത്തി. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കനിക്ക് ലഭിച്ചു. പലപ്പോഴും തന്റെ നിലപാടുകളും തുറന്നു പറച്ചിലുകളും കാരണം വാർത്തകളിൽ ഇടംനേടാറുള്ള കനി, കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
എന്നെങ്കിലും ഒരു കുഞ്ഞനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതി അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ടെന്ന് കനി കുസൃതി പറഞ്ഞു. ഇനി തനിക്ക് വേണ്ട, എന്തെങ്കിലും കാരണം കൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് അണ്ഡം നൽകാൻ തയ്യാറാണെന്നും കനി കുസൃതി പറഞ്ഞു. വണ്ടർവാൾ മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കനിയുടെ പ്രതികരണം.
“അണ്ഡം ഞാൻ ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വളർത്താൻ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ. ഇല്ലെങ്കിൽ സുഹൃത്തുക്കൾക്കോ മറ്റോ ഡോണേറ്റ് ചെയ്യണമെങ്കിൽ അതിനും തയ്യാറാണ്. എന്തെങ്കിലും രീതിയിൽ ഗർഭിണി ആകാൻ പറ്റാത്തവരായി ഉള്ളവർക്കും നൽകാൻ തയ്യാറാണ്. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ. ബയോളജിക്കലി ഒരു കുട്ടി വേണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
ഫിനാൻഷ്യലിയും മെന്റലിയും ബെറ്ററായി ഇരിക്കുകയാണെങ്കിൽ, മാനസികമായി ഞാൻ ഓക്കെ ആണെന്ന് തോന്നിയാൽ ചിലപ്പോൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചേക്കാം. ആനന്ദ് എന്ന സുഹൃത്തിന്റേത് അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ വളർത്താൻ എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞുങ്ങളെ വളർത്തുകയാണെങ്കിൽ സിംഗിൾ മദറായിട്ടെ പോകൂ. ചിലപ്പോൾ എനിക്ക് അച്ഛന്മാരെ സഹിക്കാൻ പറ്റില്ല. പിള്ളാരുടെ മുന്നിൽ അച്ഛനും അമ്മയും വഴക്കിടുന്ന പരിപാടിയൊന്നും എനിക്ക് താല്പര്യമില്ല”, എന്നാണ് കനി കുസൃതി പറയുന്നത്.
ഫിലിം മേക്കർ ആനന്ദ് ഗാന്ധിയാണ് കനിയുടെ പങ്കാളി. പങ്കാളിയെക്കുറിച്ച് കഴിഞ്ഞ ദിവസം കനി നടത്തിയ പരാമർശം ചർച്ചയായിരുന്നു. ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും തങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ണർമാർ അല്ലെന്നുമാണ് കനി കുസൃതി പറഞ്ഞത്.
28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. ഗർഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാൻ പോകുന്നില്ല, നമ്മൾ ചിലപ്പോൾ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും. ആദ്യമൊക്കെ വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോൾ അവർ വരും, നിങ്ങൾ വേറെ മുറിയിൽ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്.
ഇപ്പോഴാണ് കുറച്ചെങ്കിലുമൊന്ന് ബെറ്ററായത്. എന്റെ കൂട്ടുകാരൊക്കെ ബ്രേക്കപ്പാകുമ്പോൾ ഇതല്ലേ, നല്ലത് അടുത്തയാളെ ഇഷ്ടപ്പെടാലോ എന്നാണ് പറഞ്ഞിരുന്നതെന്നും കനി കുസൃതി ഓർത്തു. കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദർഭത്തെക്കുറിച്ചും നടി സംസാരിച്ചു. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല.
ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷൻഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാൻ തനിക്കിഷ്ടമല്ല, അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുന്ന കള്ളത്തരവുമാണ് അതിന് കാരണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആൾ പാർട്ണർ ഉള്ള ആളാണ്. അതുകൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കുട്ടിയുണ്ടാക്കേനെയെന്നും കനി പറയുന്നു.
പിന്നെ ആനന്ദിനെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നി. ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണതെന്ന് കനി കുസൃതി വ്യക്തമാക്കി. കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കുമെന്നും നടി പറയുന്നു.
ആനന്ദ് അല്ലാതെ മറ്റൊരാൾക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളർത്താൻ തോന്നിയിട്ടില്ല. ഞാൻ സിംഗിൾ മദറായേ വളർത്തൂ. ഞാൻ വളർന്നപ്പോൾ മൈത്രേയനും ജയശ്രീയും തന്റെ മുന്നിൽ വഴക്കിടാതെ നല്ല രീതിയിലാണ് വളർത്തിയത്. വഴക്കില്ലാത്ത അന്തരീക്ഷത്തിൽ കുഞ്ഞിനെ വളർത്തണം.
ഇല്ലെങ്കിൽ ഒറ്റയ്ക്ക് വളർത്തുന്നതാണ് നല്ലതെന്ന് കനി കുസൃതി അഭിപ്രായപ്പെട്ടു. ഭാവിയിൽ താൻ ദത്തെടുത്തേക്കാമെന്നും കനി കുസൃതി തുറന്ന് പറഞ്ഞു. അഭിമുഖത്തിൽ കനി പറഞ്ഞ വാക്കുകൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ബിരിയാണിക്ക് ശേഷം പട, വിചിത്രം ഉൾപ്പെടെയുള്ള മലയാശ സിനിമകളിൽ കനിയെ ശ്രദ്ധേയ വേഷം ചെയ്തു.