‘ഞാന്‍ എന്റെ അഭിപ്രായം മാറ്റി’ ദേശീയ വിദ്യാഭ്യാസനയത്തിന് എന്താണ് കുഴപ്പമെന്ന് ശിവന്‍കുട്ടി; നയം മാറ്റണം, പണം നഷ്ടപ്പെടുത്താനാകില്ലെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മലക്കംമറിച്ചില്‍. ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് പിഎംശ്രീയെങ്കിലും ദേശീയ വിദ്യാഭ്യാസ ന നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തിലുടനീളം വിശദീകരിച്ച മന്ത്രി ഒടുവില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പമെന്ന് ചോദിക്കുകയുണ്ടായി.

കാലഘട്ടത്തിനനുസരിച്ച് മാറേണ്ടി വരും. ഒരു നയത്തില്‍ മാത്രം നില്‍ക്കാന്‍ പറ്റില്ല. കാലഘട്ടത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. നയം പറഞ്ഞ് പണം നഷ്ടപ്പെടുത്താനാകില്ല. ദേശീയ വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് ഈ പണം നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പം. ഞാന്‍ എന്റെ അഭിപ്രായം മാറ്റി’ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കേന്ദ്രം തടഞ്ഞുവച്ച ഫണ്ടിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നുമായിരുന്നു മന്ത്രിയും സിപിഎമ്മും നല്‍കിയിരുന്ന വിശദീകരണം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവരും ഇതേ നിലപാടാണ് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളോട് ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ വിശദീകരിച്ചപ്പോഴും സമാനമായ നിലപാടാണ് എടുത്തിരുന്നത്.

‘പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചുവെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഇത് തികച്ചും സാങ്കേതിക പരമാണ്. ഒന്നാമതായി, 2022 ഒക്ടോബര്‍ മുതല്‍ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എന്‍.ഇ.പി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2023 വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. അതേ നയം മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂ. രണ്ടാമതായി, ഉന്നതവിദ്യാഭ്യാസ വകുപ്പ്

പി എം ഉഷ പദ്ധതിയില്‍ ഒപ്പിട്ടതും എന്‍.ഇ.പി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. കേന്ദ്ര നയം 30 ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല.

മൂന്നാമതായി, എന്‍.ഇ.പിയില്‍ പറയുന്ന പല കാര്യങ്ങളും (ഉദാഹരണത്തിന്: പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എന്റോള്‍മെന്റ്, ത്രിഭാഷാ പദ്ധതി) കേരളം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ നടപ്പിലാക്കിയതാണ്. ഇക്കാര്യത്തില്‍ നാം എന്‍.ഇ.പി.യെക്കാള്‍ ബഹുദൂരം മുന്നിലാണ്’ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

മന്ത്രിയുടെ വിശദീകരണത്തിന് ശേഷം മാധ്യമങ്ങള്‍  ചോദ്യങ്ങളുയര്‍ത്തിയപ്പോഴാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പമെന്ന മറുചോദ്യം മന്ത്രി ഉയര്‍ത്തിയതും നയങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റണമെന്നും പറഞ്ഞതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News