മുംബൈ: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. കൈപ്പത്തിയില്‍ പോലീസുകാരനെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിച്ച് വെച്ചായിരുന്നു ജീവനൊടുക്കിയത്. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാല്‍ ബദ്നെ എന്ന എസ്‌ഐ തന്നെ ബലാത്സംഗം ചെയ്തതായി ഡോക്ടര്‍ ആരോപിക്കുന്നു.
പോലീസുകാരന്റെ നിരന്തരമായ പീഡനമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ കുറിപ്പില്‍ പരാമര്‍ശിച്ചു. ആരോപണവിധേയനായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും, വ്യാഴാഴ്ച രാത്രി നടന്ന ഈ ആത്മഹത്യ മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്.
കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ജൂണ്‍ 19-ന് ഫല്‍ട്ടനിലെ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (ഡിഎസ്പി) നല്‍കിയ കത്തിലും ഡോക്ടര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.
‘എന്റെ മരണത്തിന് കാരണം പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്‌നെയാണ്. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചു മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി’ ഡോക്ടറുടെ കൈപ്പത്തിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഡി.എസ്.പിക്ക് നല്‍കിയ കത്തില്‍, ഫല്‍ട്ടന്‍ റൂറല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് പോലീസുകാര്‍ക്കെതിരെ ഡോക്ടര്‍ ആരോപണമുന്നയിക്കുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എസ്‌ഐ ബദ്‌നെ, സബ് ഡിവിഷണല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ലഡ്പുത്രെ എന്നിവരുടെ പേരുകളാണ് കത്തില്‍ പരാമര്‍ശിച്ചിരുന്നത്. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ഗുരുതരമായ ഈ വിഷയം അന്വേഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സംഭവം ചര്‍ച്ചയായതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഉത്തരവ് പ്രകാരം ബദ്‌നെയെ സസ്‌പെന്‍ഡ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്റാവു വടേത്തിവാര്‍ മഹാസഖ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
‘രക്ഷകന്‍ വേട്ടക്കാരനാകുമ്പോള്‍! ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പോലീസിന്റെ കടമ, എന്നാല്‍ അവര്‍ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്യുമ്പോള്‍ എങ്ങനെ നീതി ലഭിക്കും? ഈ പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയപ്പോള്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല? മഹാസഖ്യ സര്‍ക്കാര്‍ തുടര്‍ച്ചയായി പോലീസിനെ സംരക്ഷിക്കുന്നു, ഇത് പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു’ അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.
മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ സംഭവത്തില്‍ ഇടപെടുകയും ഡോക്ടറുടെ പരാതിയില്‍ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി അറിയിക്കുകയും ചെയ്തു.


