KeralaNews

മന്ത്രിയെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി:തുറന്ന് പറഞ്ഞ് ഗവര്‍ണര്‍ ഗവർണർ

ന്യൂഡൽഹി∙ മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്‌താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രീതി പിൻവലിച്ചതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ വിശദീകരണം.

ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയെന്ന കടമ മാത്രമാണു താൻ ചെയ്‌തതെന്നും അഭിമുഖത്തിൽ  ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

ധനമന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ തനിക്കുള്ള താൽപര്യവും പ്രീതിയും അവസാനിച്ചതായി അറിയിച്ചും ബാലഗോപാലിനെതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് വിശദീകരണം.

മന്ത്രിയെ പിൻവലിക്കണമെന്ന കത്തിനു ധനമന്ത്രി എന്ന നിലയിൽ ബാലഗോപാലിൽ തനിക്കുള്ള വിശ്വാസം കുറഞ്ഞിട്ടില്ലെന്നും ഇതു മനസ്സിലാക്കി മന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന കാര്യം ഗവർണർ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ഭരണഘടനാ പദവി ഉപയോഗപ്പെടുത്തി ആർഎ‌സ്‌എസ് അജൻഡകളാണ് ഗവർണർ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ആരോപണത്തിനും ഗവർണർ മറുപടി നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപരമല്ലായിരുന്നുവെന്നും തനിക്കു പറ്റിയ തെറ്റാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ഗവർണർ മറുപടി നൽകി. 

സേർച് കമ്മിറ്റിയില്ലാതെയും 60 വയസ്സ് എന്ന പ്രായപരിധി ലംഘിച്ചും പ്രഫ. ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം നൽകിയെന്നാരോപിച്ച് കെപിസിടിഎ നേതാക്കളായ ഡോ. ഷിനോ പി.ജോസ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ നൽകിയ ഹർജി സുപ്രീം കോടതിയിലുണ്ട്.

സേർച് കമ്മിറ്റിയില്ലാതെയുള്ള വിസി നിയമനം സാധുവല്ലെന്നു കെടിയു വിസിയുടെ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുമുണ്ട്. നേരത്തേ ഹൈക്കോടതിയിലും 2 അധ്യാപകർ ഹർജി നൽകിയിരുന്നെങ്കിലും പുനർനിയമനമാണെന്ന നിരീക്ഷണത്തോടെ അതു തള്ളിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button