കൊച്ചി:സിനിമയിൽ വീണ്ടും സജീവമാവുകയാണ് മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. ഏറെ നാൾ സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന നവ്യ കഴിഞ്ഞ വർഷമാണ് ഒരുത്തീ എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തിയത്. ഒരുകാലത്ത് വർഷത്തിൽ മൂന്നും നാലും സിനിമകൾ ചെയ്തിരുന്ന നവ്യ മടങ്ങി വരവിൽ വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലൊക്കെ സജീവമാകുന്നുണ്ട് താരമിപ്പോൾ.
ജാനകി ജാനെയാണ് നവ്യയുടെ പുതിയ ചിത്രം. മടങ്ങിവരവിൽ നവ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് നവ്യ ഇപ്പോൾ. അതിനിടെ കൗമുദി മൂവീസിന് നൽകിയ നവ്യയുടെ പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. മലയാള സിനിമ ലഹരി ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് നവ്യ. സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നവ്യ ഇക്കാര്യം പറഞ്ഞത്.
കൂടാതെ സോഷ്യൽ മീഡിയ താൻ സജീവമായി ഉപയോഗിക്കാത്തതിന് കാരണവും നവ്യ പറയുന്നുണ്ട്. ‘ഞാൻ ഇൻസ്റ്റയിൽ ഫോട്ടോയിടും. അല്ലെങ്കിൽ എന്റെ ടീം ഇടും. എന്നിട്ട് അതിന് ചിലപ്പോൾ ഞാൻ ക്യാപ്‌ഷനൊക്കെ കൊടുക്കും. അല്ലാതെയുള്ള സോഷ്യൽ മീഡിയ ഉപയോഗം കുറവാണ്. കമന്റുകൾ പോലും ഞാൻ നോക്കാറില്ല. ഒരു ദിവസം ഒരു അഞ്ചു മിനിറ്റൊക്കെ നോക്കിയാൽ ആയി,’
‘എനിക്കൊരു അനുഭവം ഉണ്ടായി. അതോടെ നിർത്തിയതാണ്. മുൻപ് എനിക്ക് കമന്റ് നോക്കാൻ അറിയില്ലായിരുന്നു. എന്റെ ടീമാണ് പഠിപ്പിച്ചത്. ആ സമയത്ത് എനിക്ക് ഭയങ്കര നല്ല കമന്റുകളൊക്കെ ആണ് വന്നിരുന്നത്. അതിനിടെ ഞാൻ ഒരു ഷോ ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരു വ്യക്തി ഗസ്റ്റ് ആയിട്ട് വന്നു,’
‘അതിൽ വളരെ പ്ലാൻഡ് ആയി ചില കാര്യങ്ങൾ ചെയ്തു. അത് കഴിഞ്ഞ് പുറത്തു വന്നിട്ട് അതിനെ മാനിപുലേറ്റ് ചെയ്ത് വേറെ ഒരു രീതിയിലേക്ക് ആ വ്യക്തി അതിനെ മാറ്റി. അത് വലിയ പ്രശ്നമായി. അതോടെ ആളുകൾ ഭയങ്കരമായി നെഗറ്റീവ് കമന്റുകൾ ഇടാൻ തുടങ്ങി. എന്റെ അച്ഛനെയും അമ്മയെയും കുട്ടിയേയും വെച്ചൊക്കെ സംസാരിക്കാൻ തുടങ്ങി,’
‘അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇനി ഞാൻ കളിയാക്കിയത് ആണെങ്കിൽ തന്നെ, നമ്മുടെ നാട്ടിൽ ആരാണ് കളിയാക്കാത്തതായി ഉള്ളത്. എന്നാൽ അത് പ്ലാൻ ചെയ്ത് ഒരു ഫണ്ണിന് വേണ്ടി ചെയ്തതാണ്. ആ മൊത്തം പരിപാടിയെ അങ്ങനെയാണ്. അതിൽ ഞാൻ പ്രത്യേകിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും ഞാൻ ആക്രമിക്കപ്പെട്ടു. ഒരു കൂട്ടം ആളുകളാണ് ആക്രമിക്കുന്നത്. നമ്മുക്ക് അവരെ എങ്ങനെ പറഞ്ഞ് മനസിലാക്കാൻ പറ്റും,’
‘എല്ലാവര്ക്കും മെസ്സേജ് ചെയ്യാനോ കമന്റിന് റിപ്ലെ ചെയ്യാനോ എനിക്ക് കഴിയില്ലല്ലോ. അവനാണെങ്കിൽ അച്ഛനെയും അമ്മയെയും ഒക്കെ തെറിയാണ് വിളിക്കുന്നത്. ഈ വന്ന വ്യകതിയാകട്ടെ അയാളുടെ പബ്ലിസിറ്റിക്ക് വേണ്ടി ലൈവിൽ വരുകയും അഭിമുഖങ്ങൾ നൽകികൊണ്ട് ഇരിക്കുകയും ഒക്കെ ചെയ്തു,’
‘എനിക്ക് അപ്പോൾ മനസിലായി ഞാൻ കണ്ട സിനിമ ലോകമേ അല്ല ഇതെന്ന്. അവിടെ എനിക്ക് അവരുടെ മെന്റാലിറ്റി മാറ്റാനോ ഇത് ചെയ്യരുതെന്ന് പറയാനോ സാധിക്കില്ല. ഞാൻ അത് നോക്കാതിരിക്കുക എന്നതേ ഉള്ളു,’ നവ്യ പറഞ്ഞു.
തിരിച്ചുവന്നപ്പോൾ സിനിമ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. ‘അക്കാലത്ത് കാരവൻ കൾച്ചർ അങ്ങനെ ഉണ്ടായിരുന്നില്ല. അതിപ്പോൾ വന്നു. ഇപ്പോൾ കുറെ മൊബൈൽ ക്യാമറയും കാര്യങ്ങളുമൊക്കെ ഉള്ളത് കൊണ്ട് നമ്മുക്കൊരു സേഫ്റ്റിയാണ് കോസ്റ്റിയൂം മാറാനൊക്കെ. അസിസ്റ്റന്റ് ഡയറക്ടർമാരായി സ്ത്രീകൾ വന്നു തുടങ്ങി. നേരത്തെ സെറ്റിൽ തന്നെ ഒരു ഹെയർ ഡ്രസർ സ്ത്രീയായിട്ട് ഉണ്ടായാൽ ആയി എന്ന അവസ്ഥ ആയിരുന്നു,’
‘കൂടാതെ ഇത്രയും ലഹരി ഉപയോഗം സിനിമയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ വളരെ കൂടുതലാണ്. പണ്ട് അതിനെയൊക്കെ വളരെ നെഗറ്റീവയാണ് കണ്ടിരുന്നത്. ലഹരി ഉപയോഗത്തെ വളരെ ഗ്ലോറിഫൈ ചെയ്താണ് ഇപ്പോൾ സിനിമക്കാർ കാണുന്നത്,’ നവ്യ പറഞ്ഞു.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനകീ ജാനേ. സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിൽ, ജോണി ആന്റണി, അനാർക്കലി മരക്കാർ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.