കൊച്ചി:‘2018’ സിനിമയില്‍ മറ്റു അഭിനേതാക്കള്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും ടൊവിനോ യഥാര്‍ത്ഥ ഹീറോ ആയി മാറുന്നത് പ്രളയകാലത്ത് ടൊവിനോ ചെയ്ത നല്ല പ്രവര്‍ത്തികള്‍ കൊണ്ടുതന്നെയാണ്. 2018 ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഓടി നടന്ന ടോവിനോയുടെ പരിശ്രമങ്ങള്‍ മലയാളികള്‍ ഒരിക്കലും മറന്നിട്ടുണ്ടാവില്ല. ചിത്രത്തിലെ ‘അനൂപ്’ എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ടൊവിനോ തന്നെയാണ്.
2018 ല്‍ നടന്ന പ്രളയത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചിത്രത്തിലുടനീളം അനുഭവിച്ചറിയാന്‍ സാധിക്കും. സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രളയത്തിന്റെ നെഞ്ചുലയ്ക്കുന്ന കാഴ്ചകളോടൊപ്പം ടൊവിനോ എന്ന നടന്റെ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സില്‍ നൊമ്പരമായി നിലനില്‍ക്കുന്നു. സിനിമയുടെ വിജയത്തോടൊപ്പം ടൊവിനോയെ വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷകരും സമൂഹ മാധ്യമങ്ങളും. 2018 ന്റെ വിജയാഘോഷ പരിപാടിയില്‍ സിനിമയെപ്പറ്റി മനസ്സു തുറക്കുകയാണ് ടൊവിനോ തോമസ്.
ടൊവിനോയുടെ വാക്കുകള്‍…
‘പലതവണ മുടങ്ങിപ്പോകുമായിരുന്ന, നിന്നുപോകുമായിരുന്ന ഒരു സിനിമയായിരുന്നു 2018. ഇതിന്റെ എല്ലാ ക്രെഡിറ്റും ഞാന്‍ ജൂഡ് ആന്റണിക്ക് കൊടുക്കുന്നു. അദ്ദേഹം ഈ പടം ചെയ്‌സ് ചെയ്തതിന്റെ ഒരു ഫലമാണ് ഈ സിനിമ. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ അദ്ദേഹം ഈ സിനിമയ്ക്ക് പിന്നാലെ പോയത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.
ഈ സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കാനായിട്ട് എന്റെയടുത്ത് വന്ന സമയത്ത് എങ്ങനെയാണ് ഈ പ്രളയം നമ്മള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നാണ് ഞാന്‍ ചോദിച്ചത്. അത് എന്റെ കൈയ്യില്‍ ഒരു ടെക്‌നിക്കുണ്ട് അത് നിന്റെയടുത്ത് പോലും പറയില്ലയെന്നാണ് അന്ന് ജൂഡ് ഏട്ടന്‍ പറഞ്ഞത്.
പറഞ്ഞാല്‍ ഞങ്ങള്‍ ഈ സിനിമയിലേക്ക് വരില്ലയെന്ന് വിചാരിച്ചിട്ടായിരിക്കാം, പക്ഷേ അന്ന് തന്നെ നമ്മള്‍ അത് ചെയ്യാനായിട്ട് തീരുമാനിച്ചു. നീ എന്നെ വിശ്വസിച്ച് കൂടെ നിന്നാല്‍ നമുക്ക് അടിപൊളിയായിട്ട് ഈ സിനിമ ചെയ്യാമെന്നാണ് ജൂഡ് ഏട്ടന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകളോട് എനിക്ക് വിശ്വാസം തോന്നി. അങ്ങനെ ഞങ്ങള്‍ നിരന്തരം സിനിമയെപ്പറ്റി സംസാരിച്ച് കൊണ്ടിരിക്കും. മിന്നല്‍ മുരളിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴും നമ്മള്‍ ഈ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എപ്പോള്‍ ചിത്രീകരണം തുടങ്ങും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു.
ആദ്യം നമ്മള്‍ കുറച്ച് ഷൂട്ട് ചെയ്തതിന് ശേഷം കൊറോണയൊക്കെ വന്നു, ആളുകള്‍ കൂടാന്‍ പാടില്ല അങ്ങനെയുളള കുറെ പ്രശ്‌നങ്ങള്‍ മറികടന്ന് നമ്മള്‍ എത്തി ഇങ്ങനെയൊരു സ്ഥലത്ത് ഷൂട്ട് ചെയ്തപ്പോഴാണ് അദ്ദേഹം ഉദ്ദേശിച്ച ടെക്‌നിക്ക് എനിക്ക് മനസ്സിലായത്. പക്ഷേ ആ ടെക്‌നിക്ക് കാരണം കൊണ്ടാണ് ഇന്ന് ഈ സിനിമ കണ്ട് കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അതിന്റെ ഒരു നൂറുശതമാനം ഫീല്‍ കിട്ടുന്നത്. അന്ന് എല്ലാവര്‍ക്കും കുറെ മഴയത്തുളള സീനുകള്‍ ഉണ്ടായിരുന്നു. ഞാനും ആസിഫും കുറെ സിനിമകളില്‍ ഒരുമിച്ച് അഭിനിയച്ചിട്ടുണ്ട്, പക്ഷേ ഒരു സീനില്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ഭയങ്കരമായ മഴയത്ത് കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്യുന്ന സമയത്ത് ഇങ്ങനെയൊരു നൂറുശതമാനം പോസിറ്റീവ് പ്രതികരണം ഈ സോഷ്യല്‍ മീഡിയയുടെ കാലത്തില്‍ ഒരു സിനിമയും ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ അത് നമ്മുടെ എല്ലാവരുടേയും സിനിമയായത് കൊണ്ടായിരിക്കാം. അത് കേരളത്തിന്റെ ഓരോ മലയാളിയുടേയും സിനിമയായത് കൊണ്ടായിരിക്കാം. നമ്മുടെ ആ വികാരമായത് കൊണ്ടായിരിക്കാം.
അതിനപ്പുറത്ത് ഈ സിനിമ നാല് വര്‍ഷം കൊണ്ട് കൊറോണയുടെ സമയത്ത് കുറച്ച് സമയം കിട്ടിയപ്പോള്‍ തിരക്കഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് ജൂഡ് ഏട്ടന്‍ എന്റെയടുത്ത് പറഞ്ഞത്. അങ്ങനെ വന്നിട്ടുളള എഡിറ്റുകളും മാറ്റങ്ങളും. ഞാന്‍ ഇതിന്റെ തിരക്കഥ വായിച്ച് കാരവാനിലിരുന്ന് കരഞ്ഞിട്ടുണ്ട്. ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അതായത് ചില രംഗങ്ങള്‍ വായിക്കുമ്പോള്‍ തന്നെ നമുക്ക് അത് കിട്ടുമായിരുന്നു. പിന്നെ ജൂഡ് ഏട്ടന്‍ മുഴുവന്‍ ലൊക്കേഷനിലും പറന്ന് നടന്ന് സീനുകള്‍ ഇങ്ങനെ അഭിനയിച്ച് കാണിച്ച് പറഞ്ഞ് നടക്കും.
രാവിലെ അഞ്ചരയ്‌ക്കൊക്കെ എങ്ങനെയെങ്കിലും ഒന്ന് സൂര്യന്‍ വന്ന് കഴിഞ്ഞാല്‍ വീട്ടില്‍ പോകാം എന്ന് പറഞ്ഞ് രാത്രിയിലെ ഷൂട്ട് ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് മറ്റുളള സിനിമകളില്‍ നിന്ന് വ്യത്യസ്തമായിട്ട് വെളളത്തില്‍ ഒരു റെയിന്‍ കോട്ടും ഒരു പേപ്പറില്‍ കുറെ എടുക്കേണ്ട ഷോട്ടും എഴുതിവെച്ച് ഒരു പേനയുമായി വന്നിട്ട് അരയോളം വെളളത്തില്‍ ഡയറക്ടര്‍ വന്ന് നില്‍ക്കും. എന്നിട്ട് ഷോട്ട് എടുത്ത് കഴിയുമ്പോള്‍ അത് വെട്ടും, അങ്ങനെ ഓരോ ഷോട്ട് കഴിഞ്ഞ് ആളുകള്‍ വിശ്രമിക്കുമ്പോള്‍ ദേ…ഇത്രയും ഷോട്ടുകള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും വീണ്ടും ചൂടാക്കിയിരുന്നു ഡയറക്ടര്‍ ജൂഡ്.
ഇതിന്റെ ടെക്‌നീഷ്യന്‍സ് എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. അഖിലിനെ എനിക്ക് 2011 മുതല്‍ അറിയാവുന്ന ആളാണ്. അവന്‍ അത്യാവശ്യം നല്ല മടിയാനായിട്ടുളള ആളാണ്. പക്ഷേ പണിയെടുക്കാന്‍ നല്ല ആവേശവുമാണ്. പിന്നെ സൈലക്‌സേട്ടന്‍ ഈ സിനിമയിലെ മുഴുവന്‍ ബോട്ട് വലിച്ചിരിക്കുന്നതും അദ്ദേഹമാണ്. ചമന്‍ ചാക്കോയുടെ എഡിറ്റിങ് ഈ സിനിമയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തില്‍ അത് മനസ്സിലാവില്ല അതാണ് അവന്റെ എഡിറ്റിങ്ങിലുളള കഴിവ്. പിന്നെ മണിച്ചേട്ടന്‍…ഞങ്ങളെ മുക്കാനുളള ടാങ്ക് മുഴുവന്‍ പുളളിയുടെയും ഡൂഡ് ഏട്ടന്റെയും പ്ലാന്‍ ആയിരുന്നു.
നമ്മള്‍ ആദ്യമായിട്ട് ചെയ്യുന്ന കാര്യമായത് കൊണ്ട് ഇതിന് പല പ്രതിസന്ധികളമുണ്ടായിരുന്നു. ഈ ടാങ്ക് പൊട്ടുന്നു, വെളളം ലീക്കാവുന്നു…ഇനി എത്ര ഷൂട്ട് ചെയ്യണം, എല്ലാവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും… പക്ഷേ ഇതെല്ലാം കഴിഞ്ഞിട്ട് ഈ സിനിമ ഇങ്ങനെ കാണുമ്പോള്‍ ഭയങ്കര സന്തോഷമുണ്ട്. എല്ലാവരും തരുന്ന സ്‌നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് സന്തോഷം ഈ സ്വീകരണത്തിനും ഞങ്ങളുടെ എല്ലാവരുടേയും ഭാഗത്ത് നിന്ന് ഞാന്‍ നന്ദി പറയുന്നുവെന്നും ടൊവിനോ പറഞ്ഞു.