എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല,തുറന്നുപറഞ്ഞ് ഭാവന
കൊച്ചി:മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയില്‍ അരങ്ങേറിയത്. 2002 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ഈ ചിത്രത്തിലൂടെയായി തുടക്കം കുറിച്ചവരാണ്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ പരിമളമെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ആദ്യ സിനിമ കഴിയുമ്പോള്‍ത്തന്നെ എല്ലാവരും തിരിച്ചറിയുമെന്നും, പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ കൂടുമെന്നുമായിരുന്നു ഭാവന കരുതിയത്. എന്നാല്‍ അങ്ങനെയായിരുന്നില്ല സംഭവിച്ചത്. പരിമളത്തെ അവതരിപ്പിച്ചത് താനാണെന്ന് പറയേണ്ട അവസ്ഥയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നമ്മള്‍ സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് നടി.
ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസമാണ് ഞാൻ ‘നമ്മൾ’ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനം-കമൽ സാർ. ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ ഞാൻ മുഷിഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുവെന്ന് ഭാവന പറയുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും കാത്തുകാത്തൊരു എന്ന ഗാനത്തിന്റെ വീഡിയോയും ചേർത്താണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.
ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല എന്ന് എനിക്ക് അപ്പോഴേ മനസിലായിരുന്നു. എന്തായാലും ഞാൻ അത് ചെയ്തു. പക്ഷെ ഇപ്പോൾ എനിക്കറിയാം ,എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല. ഇത്രയും വിജയങ്ങൾ നിരവധി പരാജയങ്ങൾ, തിരിച്ചടികൾ , വേദന,സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്.
ഞാൻ ഒരു നിമിഷം നിർത്തി തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്. ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്, എനിക്ക് അത് നഷ്ടമായെന്നുമായിരുന്നു ഭാവന കുറിച്ചത്.
സഹനടിയായി തുടങ്ങി നിരവധി മികച്ച അവസരങ്ങളാണ് ഭാവനയ്ക്ക് ലഭിച്ചത്. മലയാളത്തില്‍ തിളങ്ങിയതോടെയാണ് അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങളും ലഭിച്ചത്. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തോടെയായി മലയാളത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു താരം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി ന്റിക്കാക്കൊരു പ്രേമമുണ്ടാരുന്ന് എന്ന സിനിമയിലൂടെയായി താരം തിരിച്ചെത്തുകയാണ്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകന്‍.