EntertainmentKeralaNews

‘ലാലു മോൻ കാണാൻ വരാറുണ്ട്, 40 വർഷമായി അറിയാം, പ്ലീസ് ഹെൽപ് മീയെന്ന് പ്രാർത്ഥിക്കും’; അമൃതാനന്ദമയിക്കൊപ്പം ലാൽ

കൊല്ലം:സപ്തതി ആഘോഷിക്കുകയാണ് മാതാ അമൃതാനന്ദമയി. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ വർണ്ണാഭമായിട്ടാണ് ആഘോഷിച്ചത്.

രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അർച്ചനയും സത്​സംഗവും നടന്നു. മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണ് സത്​സംഗം നടത്തിയത്. രാവിലെ ഏഴേമുക്കാലിന് സംഗീത സംവിധായകൻ രാഹുൽ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടി നാദാമൃതം നടന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖർ സപ്തതി ആഘോഷത്തിൽ പങ്കെടുത്തു. രാവിലെ തന്നെ മഹാനടൻ മോഹൻലാലും മാതാ അമൃതാനന്ദമയിയെ കണ്ട് ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ ദിവസം തന്നെ അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസിക്കുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Mohanlal ,Amritanandamayi

അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്ന മോഹൻലാലിന്റെ വീഡിയോ വൈറലാണ്. സ്രാഷ്ടാം​ഗം പ്രണമിക്കുക‌യും ശേഷം ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി. ആ ചടങ്ങിലും മോഹൻലാൽ പങ്കെടുത്തു. ഒരു മണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു.

191 രാജ്യങ്ങൾ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 70 രാജ്യങ്ങളിൽ നിന്ന് സമാഹരിച്ച മണ്ണിൽ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നടുകയും ചെയ്തു. ആത്മീയതയ്ക്ക് ജീവിതത്തിൽ വളരെ അധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ വർഷങ്ങളായി അമൃതാനന്ദമയിയുടെ ഭക്തനാണ് താരം.

ഏതൊരു ക്ലേശ സമയങ്ങളിലും മോഹൻലാൽ ആദ്യം ആശ്രയം വെക്കുന്നത് അമൃതാനന്ദമയിയിലാണ്. അക്കാര്യം താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്. കേരളത്തില്‍ അമൃതാനന്ദമയിയ്‌ക്കെതിരായ വിവാദങ്ങള്‍ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹന്‍ലാല്‍. അമൃതാനന്ദമയിയെ യഥാര്‍ത്ഥ മാലാഖയെന്നാണ് മുമ്പൊരിക്കൽ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.

ഒരിക്കൽ മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് കൈരളി ടിവിയിലെ ജെ.ബി ജം​ഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെ അമൃതാനന്ദമയി പറഞ്ഞിരുന്നു. ലാലു മോൻ എന്ന് വിശേഷിപ്പാച്ചാണ് മോഹൻലാലിനെ കുറിച്ച് അമൃതാനന്ദമയി ആ വീഡിയോയിൽ സംസാരിച്ച് തുടങ്ങിയത്. ‘കോളജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്.’

‘അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താൽപര്യം ഉണ്ടായിരുന്നു. മനുഷ്യ മനസിൽ അന്തർലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും താനുമായി ഭാവത്തോടെ അവതരിപ്പിക്കാൻ ലാലു മോന് കഴിയുന്നത്.’

‘എന്നാൽ ഏത് വേഷം കെട്ടിയാലും ആള് മാറാത്ത പോലെ കണ്ണാടിയിൽ കാണുന്ന ഛായ സ്വരൂപം മാത്രമല്ല അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ് എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല കഥാപാത്രങ്ങൾ നല്ലതുപോലെ അവതരിപ്പിക്കുവാനും കൂടുതൽ ശക്തി ലാലു മോന് ഉണ്ടാകട്ടെ’, എന്ന് പറഞ്ഞാണ് അമൃതാനന്ദമയി അവസാനിപ്പിച്ചത്.

Mohanlal ,Amritanandamayi

പിന്നീട് മോഹൻലാലാണ് അമൃതാനന്ദമയിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത്. ‘അമ്മ ആദ്യമായിട്ട് ആയിരിക്കും ഇങ്ങിനെ ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നത്. അമ്മ പറഞ്ഞത് നൂറുശതമാനം സത്യമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്ന ആളാണ് ഗുരു. ഗുരുവെന്നോ അമ്മയെന്നോ ചൈതന്യമെന്നോ വിളിക്കാം. എനിക്ക് ഏതാണ്ട് 40 വർഷത്തോളമായി അമ്മയെ അറിയാം.’

‘ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ അമ്മാവന്റെ കൂടെ അമ്മയെ കാണാൻ പോയിട്ടുണ്ട്. എനിക്കൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുന്നപോലെ നമ്മുടെ അനുഭവങ്ങൾ നമ്മുടെ മാത്രം പേഴ്സണലാണല്ലോ. പിന്നെ എന്നോട് പലരും ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ഞാൻ അമ്മയോട് ചോദിച്ചു.’

‘എനിക്ക് മറുപടി കിട്ടണ്ടേ പലതും അമ്മയിൽ നിന്നും എനിക്ക് കിട്ടി. എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പത് വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈൻഡ് ആയിട്ടുള്ള ഒരു സോൾ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്. ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്ന് ശുദ്ധീകരിച്ച ഒന്നാണ് റിഫൈൻഡ് സോൾ. എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാൽ ഞാൻ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണ്.’

‘അമ്മയുടെ ഹോസ്പിറ്റലിലേക്കാണ് പോകുന്നത്. ആ ഹോസ്പിറ്റൽ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോൺ ചെയ്യാൻ സാധിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് വളരെ വിചിത്രമായ സംശയങ്ങൾ ഉള്ളപ്പോൾ ഞാൻ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞ് തരും. ഓരോ സിനിമ തുടങ്ങും മുമ്പ് പ്ലീസ് ഹെൽപ് മീ എന്ന് ഞാൻ മാറി നിന്ന് പ്രാർത്ഥിക്കും.’

‘ഏതോ ഒരു ശക്തി എന്നെ ഹെൽപ്പ് ചെയ്യും. ഞാൻ സംസ്‌കൃത നാടകം ചെയ്യുന്നതിന് മുമ്പ് അമ്മയെ വിളിച്ച് പറഞ്ഞു അമ്മേ എനിക്ക് സംസ്‌കൃതം അറിയില്ലെന്ന് അമ്മ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല മോനെ നീ ധൈര്യമായി ചെയ്തോളുവെന്ന്. ഞാൻ ആ നാടകം ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഒന്നുകൂടി ചെയ്യാമോ എന്നും ചോദിച്ചുവെന്നുമാണ്’, അനുഭവം പങ്കുവെച്ച് അതേ പരിപാടിയിൽ മോഹൻലാൽ പറഞ്ഞത്. രണ്ട് ദിവസത്തിനകം എമ്പുരാന്റെ ഷൂട്ടിനായി മോഹൻലാൽ പുറപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button