കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് സമാപിച്ചപ്പോള്‍ വേദിയിൽ കൈയ്യടി നേടി നടൻ മമ്മൂട്ടിയും. പരാജയങ്ങൾ കലയെ ബാധിക്കരുതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് ഒരുപോലെ അവസരങ്ങളുണ്ടെന്നും താൻ അതിന് ഉദാഹരണമാണെന്നും താരം പറഞ്ഞു.
‘കലകൾക്ക് കേരളത്തിൽ വിവേചനമില്ല. ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൽ പോലും പങ്കെടുക്കാൻ സാധിക്കാതിരുന്നയാളാണ് ഞാൻ. മത്സരങ്ങളിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാരംഗത്ത് അവസരങ്ങൾ ഒരുപോലെയാണ്,’ മമ്മൂട്ടി പറഞ്ഞു.
കലോത്സവത്തിന് മമ്മൂട്ടി എന്ത് വസ്ത്രം ധരിച്ചെത്തുമെന്ന് ചോദിച്ചുള്ള വീഡിയോ കണ്ടെന്നും വെള്ള മുണ്ടും ഷർട്ടും ധരിച്ചെത്തുന്നതാണ് ഇഷ്ടമെന്നുള്ള പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അങ്ങനെ വന്നതെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. വലിയ കൈയ്യടികളോടെയാണ് കാണികൾ മമ്മൂട്ടിയുടെ വാക്കുകളെ കേട്ടത്.
23 വർഷങ്ങൾക്ക് ശേഷമുള്ള കണ്ണൂരിന്റെ ഒന്നാം സ്ഥാന നേട്ടത്തോടെയാണ് കലോത്സവത്തിന് കൊട്ടിക്കലാശമാകുന്നത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ കണ്ണൂരിന് മന്ത്രി വി ശിവൻ കുട്ടി കപ്പ് കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.