NationalNews

‘സൈനികന്‍റെ ഭാര്യയാണ് ഞാൻ, ചിരിച്ച് യാത്രയാക്കും’, കണ്ണ് നിറയാതെ ഗീഥിക#Geetika Lidder

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Chopper Crash) സംയുക്തസൈനിക മേധാവിയെയും (Chief Of Defence Staff) കുടുംബത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും നമുക്ക് നഷ്ടമാകുമ്പോഴും, അവർക്കായി രാജ്യം കണ്ണ് നിറഞ്ഞ് സല്യൂട്ട് നൽകുമ്പോഴും, കരയില്ല താനെന്ന് ഉറപ്പിച്ച് പറയുകയാണ് ഗീഥികയെന്ന (Geetika Lidder) ഭാര്യ. ബ്രിഗേഡിയർ ലഖ്‍വിന്ദർ സിംഗ് ലിഡ്ഡറിന്‍റെ (Brigadier LS Lidder) ഭാര്യയാണ് അവർ. രാജ്യം എന്നുമോർക്കുന്ന പോരാളിയുടെ ഭാര്യ.

 

”അദ്ദേഹത്തിന് നമ്മൾ ചിരിച്ചുകൊണ്ട് വിട നൽകണം. നല്ലൊരു യാത്രയയപ്പ്..”, ദേശീയപതാക ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ട് അവർ പറയുന്നു. 17-കാരിയായ ഏകമകൾ ആഷ്നയ്ക്ക് പക്ഷേ അച്ഛനെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും തൊണ്ടയിടറി, വാക്കുകൾ വറ്റി. എങ്കിലും പ്രിയപ്പെട്ട അച്ഛനെക്കുറിച്ച് ആഷ്ന പറഞ്ഞതിങ്ങനെ: ”എന്‍റെ അച്ഛൻ എന്‍റെ ഹീറോ ആയിരുന്നു. 17 വയസ്സുണ്ടെനിക്ക്. ഇത്രയും കാലം ഏറ്റവും നല്ല ഓർമകൾ തന്നാണ് അച്ഛൻ പോകുന്നത്. ഞാൻ പറയുന്നതെന്തും കേൾക്കുന്ന, എന്തും സാധിപ്പിച്ച് തരുന്ന ലോകത്തെ ഏറ്റവും നല്ല അച്ഛന് ഞാൻ സല്യൂട്ട് നൽകുന്നു”, ഇടയ്ക്ക് ഇടറിപ്പോയ ശബ്ദത്തിൽ ആഷ്ന പറഞ്ഞു.

 

പക്ഷേ, ഭർത്താവിന്‍റെ മൃതദേഹത്തിന് സമീപത്തെത്തിയപ്പോൾ ഗീഥികയുടെ കണ്ണുകൾ നിറഞ്ഞു. നിശ്ചയദാർഢ്യത്തോടെ നിന്ന അവർ പതറി. ഭർത്താവിന്‍റെ മൃതദേഹം പേറിയ പേടകത്തിന്‍റെ മുകളിൽ കണ്ണീരോടെ കുനിഞ്ഞ് നിന്ന്, ആദ്യം അവരത് ഒന്ന് തൊട്ടു. പിന്നീട് കണ്ണീരൊഴുകുന്ന മുഖത്തോടെ അവസാനചുംബനം നൽകി. തൊട്ടടുത്ത് നിന്ന മകൾ ആഷ്നയ്ക്കും അപ്പോൾ കണ്ണീരടക്കാനായില്ല. കയ്യിൽ കരുതിയിരുന്ന റോസാപ്പൂവിതളുകൾ അച്ഛന്‍റെ പേടകത്തിന് മുകളിലേക്ക് വിതറി അവളും നൽകി, പ്രിയപ്പെട്ട അച്ഛന് അവസാനത്തെ ഉമ്മ. 

”ഒരു ജീവിതത്തിനേക്കാൾ വലുതായിരുന്നു അദ്ദേഹം. എല്ലാവർക്കുമതറിയാം. അവസാനത്തെ യാത്ര പറച്ചിലിനായി എത്ര പേരാണ് അദ്ദേഹത്തെ കാണാനെത്തിയത്. ഗംഭീര മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാവർക്കും അദ്ദേഹത്തെ എന്തിഷ്ടമായിരുന്നെന്നോ…”, ഇടറിയ ശബ്ദത്തോടെ ഗീഥിക പറഞ്ഞു.

”ഞാനൊരു സൈനികന്‍റെ ഭാര്യയാണ്…”, അനിതരസാധാരണമായ ധൈര്യത്തോടെ അവർ പറഞ്ഞു. ”സങ്കടത്തേക്കാളുപരി അഭിമാനമുണ്ട്. പക്ഷേ, ഇനിയെന്‍റെ ജീവിതം അനന്തമായി നീളുന്ന ഒന്ന് പോലെ തോന്നും. ഇതായിരിക്കാം ദൈവം ഇച്ഛിച്ചത്. ഈ നഷ്ടവുമായി പൊരുത്തപ്പെട്ട് ഞങ്ങൾ ജീവിക്കും. പക്ഷേ, ഇങ്ങനെയല്ല, അദ്ദേഹത്തെ ഞങ്ങൾ തിരികെക്കാണാനാഗ്രഹിച്ചത്.”, കണ്ണീരിനോട് പടവെട്ടി ഗീഥി ക പറഞ്ഞു. 

”എന്‍റെ കുഞ്ഞ് അദ്ദേഹത്തെ എന്നും മിസ്സ് ചെയ്യും. മികച്ച ഒരച്ഛനായിരുന്നു അദ്ദേഹം”, ഗീഥിക പറഞ്ഞുനിർത്തുന്നു. 

തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നാണ് മധുലിക റാവത്തിന്‍റെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ”രണ്ടാഴ്ച മുമ്പ് മധുലികയുമായി താൻ സംസാരിച്ചതാണ്. ഹെലികോപ്റ്റർ ദുരന്തം കുടുംബത്തെയാകെ ഞെട്ടിച്ചു. പക്ഷേ, എല്ലാവരും ഇപ്പോൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. സംസാരിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല”, മധുലികയുടെ സഹോദരൻ യശ്വേശ്വർ സിംഗ് പറയുന്നു.

 

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ എൽ എസ് ലിഡ്ഡറിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. രാവിലെ 11 മണിക്കായിരുന്നു അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ ദില്ലിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നടന്നത്. വിവിധ സൈനികമേഖലയിലായി നിരവധി സൗഹൃദങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ മൂന്ന് സൈനികമേധാവികളടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരെത്തി.

 

52-കാരനായ ബ്രിഗേഡിയർ ലിഡ്ഡറിന് മേജർ ജനറലായി പ്രൊമോഷൻ ലഭിച്ചിരിക്കുകയായിരുന്നു. ഒരു ആർമി ഡിവിഷന് നേതൃത്വം നൽകുന്ന മേജർ ജനറലായി ചുമതലയേൽക്കാനിരിക്കെയാണ് ദാരുണമായി ഹെലികോപ്റ്റർ ദുരന്തത്തിൽ അദ്ദേഹത്തെ രാജ്യത്തിന് നഷ്ടമാകുന്നത്.

 

അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ബെംഗളുരുവിലെ എയർ ഫോഴ്സിന്‍റെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ നില അതീവഗുരുതരമാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നു. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button