ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം: അവകാശവാദവുമായി റൊണാൾഡോ

റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന അവകാശവാദവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സൗദി മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പ്രതികരിച്ചത്. സൗദി പ്രോ ലീഗിൽ അൽ നസ്ർ ക്ലബിന്റെ താരമാണ് 38 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

അടുത്തിടെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണു ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ലിച്ചൻസ്റ്റെയ്നും ലക്സംബെർഗിനും എതിരെ രണ്ടു മത്സരങ്ങളിൽനിന്നു നാലു ഗോളുകളാണു ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഇന്റർനാഷനല്‍ ബ്രേക്കിനു മുൻപ് സൗദി ലീഗിൽ അഭ എഫ്സിക്കെതിരെയും റൊണാൾഡോ ഗോൾ നേടിയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെത്തിയത്. അൽ നസർ ക്ലബിനായി പത്ത് മത്സരങ്ങളിൽ ഒൻപതു ഗോളുകളും രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. പ്രോ ലീഗിൽ ഏപ്രിൽ നാലിന് അൽ അദാലയ്ക്കെതിരെയാണ് റൊണാൾഡോ ഇനി കളിക്കാനിറങ്ങുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News