വൈഭവിന്റെ സെഞ്ച്വറിക്ക് മറുപടിയായി ഇഷാന്റെയും അഭിഷേകിന്റെയും അര്‍ധസെഞ്ച്വറി; രാജസ്ഥാന്റെ റണ്‍മല കടന്ന് ഹൈദരാബാദ്; 228 റണ്‍സ് സണ്‍റൈസേഴ്‌സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തിൽ

വൈഭവിന്റെ സെഞ്ച്വറിക്ക് മറുപടിയായി ഇഷാന്റെയും അഭിഷേകിന്റെയും അര്‍ധസെഞ്ച്വറി; രാജസ്ഥാന്റെ റണ്‍മല കടന്ന് ഹൈദരാബാദ്; 228 റണ്‍സ് സണ്‍റൈസേഴ്‌സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തില്‍; ജയത്തോടെ ഹൈദരാബാദിന് പട്ടികയിലും കുതിപ്പ്

ജയ്പൂര്‍: വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിക്ക് അഭിഷേകിലൂടെയും ഇഷാനിലൂടെയും സണ്‍റൈസേഴ്‌സ് മറുപടി നല്‍കിയപ്പോള്‍ ഹൈദരാബാദിന് 5 വിക്കറ്റ് ജയം.228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 18.3 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.31 പന്തില്‍ 74 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

അഭിഷേക് ശര്‍മ 29 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ 24 പന്തില്‍ 29 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 18 പന്തില്‍ 36 റണ്‍സുമെടുത്ത് ഹൈദരാബാദ് ജയത്തില്‍ നിര്‍ണായകമായി.229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹൈദരാബാദിന് തുടക്കത്തിലെ ട്രാവിസ് ഹെഡിനെ(6) നഷ്ടമായി. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. തുടക്കത്തില്‍ ആര്‍ച്ചറുടെ പേസിനുമുന്നില്‍ വിറച്ച അഭിഷേകും കിഷനും നല്‍കിയ അവസരങ്ങള്‍ രാജസ്ഥാന്‍ അവിശ്വസനീയമായി കൈവിട്ടു. അഭിഷേക് നല്‍കിയ അവസരം ആദ്യം ഷിമ്രോണ്‍ ഹെറ്റ്‌മെയറും പിന്നീട് രവീന്ദ്ര ജഡേജയുമാണ് കൈവിട്ടത്. ഇതിന് രാജസ്ഥാന്‍ വലിയ വില നല്‍കേണ്ടിവന്നു.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 പന്തില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഹൈദരാബാദിനെ വിജയയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി. പത്താം ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ അഭിഷേകും പതിമൂന്നാം ഓവറില്‍ സ്‌കോര്‍ 166ല്‍ നില്‍ക്കെ കിഷനും മടങ്ങിയെങ്കിലും ക്ലാനും നിതീഷും ചേര്‍ന്ന് ഹൈദരാബാദിനെ ജയത്തിന് അടുത്തെത്തിച്ചു. ജയത്തിനരികെ ഇരുവരും വീണെങ്കിലും സലീല്‍ അറോറയും(8) അനികേത് വര്‍മയും(1) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ(37 പന്തില്‍ 103) കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറില്‍ തുടര്‍ച്ചയായി നാലു സിക്‌സുകള്‍ നേടി ഞെട്ടിച്ചു. യശസ്വി ജയ്‌സ്വാള്‍(10) തുടക്കത്തിലെ വീണപ്പോള്‍ ധ്രുവ് ജുറെലിനൊപ്പം(35 പന്തില്‍ 51) 62 പന്തില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വൈഭവ് രാജസ്ഥാനെ കരകയറ്റിയത്.

16 പന്തില്‍ 33 റണ്‍സടിച്ച ഡൊണോവന്‍ ഫെരേരയും രാജസ്ഥാന്‍ സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കഴിയാതിരുന്നത് രാജസ്ഥാന് തിരിച്ചടിയായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ്(9 പന്തില്‍ 7), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(11) എന്നിവര്‍ നിരാശപ്പെടുത്തിയത് 250 കടക്കുമായിരുന്ന രാജസ്ഥാന്‍ സ്‌കോര്‍ 228ല്‍ ഒതുക്കി.

ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ 10 പോയന്റുമായി നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 പോയന്റുള്ള രാജസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് വീണു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News