ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ എക്സൈസ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച എല്ലാവരും ഹാജരാകണം. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാടു നടത്തിയതായി എക്സൈസ് കണ്ടെത്തി. ഈ അന്വേഷണം പാലക്കാടു സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡലിലേക്കു നീണ്ടു. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്. ഇത് പെൺവാണിഭ ഇടപാടുകളാണെന്നു സംശയിക്കുന്നു.
മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്‌ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണു സംശയം. തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. ഇതു പരിശോധിച്ചപ്പോൾ സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്‌ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തി. ഇതും പെൺവാണിഭ ഇടപാടാണെന്നു സംശയിക്കുന്നു.
അഞ്ചു രുചികളിലെ ഹൈബ്രിഡ് കഞ്ചാവാണ് പ്രതികൾ ആലപ്പുഴയിൽ എത്തിച്ചത്. ഒരു കിലോവീതമുള്ള മൂന്നു പാക്കറ്റുകൾ. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കഞ്ചാവു കേസിൽ അറസ്റ്റിലായ തസ്‌ലിമയുടെ ഭർത്താവും മുഖ്യപ്രതിയുമായ സുൽത്താൻ അക്ബർ അലി തമിഴ്നാട് പോലീസടക്കമുള്ള സേനകളിലും മറ്റു മേഖലകളിലും ഉന്നത ബന്ധമുള്ള ആളാണെന്ന് എക്സൈസ് കണ്ടെത്തി. തമിഴ്നാട് പോലീസിലെ ഒരുന്നത ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിന്റെ അടുത്തബന്ധുവാണെന്നു പറയുന്നു.
വലിയ രീതിയിൽ സ്വർണക്കള്ളക്കടത്തു നടത്തുന്നയാളാണു സുൽത്താനെന്നും എക്സൈസിനു വിവരമുണ്ട്. എന്നാൽ, ഇയാൾക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ഇടപാടുകൾ നേരിട്ടു നടത്താറുമില്ല.
തമിഴ്നാട്ടിലെ ചില വിമാനത്താവളങ്ങളിലെ സേനകളിലെയും മറ്റു വിഭാഗങ്ങളിലെയും ജീവനക്കാരുടെ ജോലിയും സമയക്രമവും ഉൾപ്പെടെ വിശദമായ വിവരം ഇയാളുടെ ഫോണിലുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിലും സ്വാധീനമുണ്ടെന്നാണ് അറിയുന്നത്. അഞ്ചിലധികം മൊബൈൽ ഫോണും അതിലേറെ സിം കാർഡും ഉപയോഗിക്കുന്നുണ്ട്.
രക്ഷപ്പെടാൻ സഹായിച്ചാൽ കോടികൾ നൽകാമെന്ന് ആലപ്പുഴയിലേക്കു കൊണ്ടുവരുന്ന വഴി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥർക്കു വാഗ്ദാനം നൽകിയതായി പറയുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്നാണ് എക്സൈസ് നിഗമനം. സ്വർണക്കടത്തും വിദേശബന്ധങ്ങളും എക്സൈസിന്റെ അന്വേഷണ പരിധിയിലല്ല. അതിനാൽ, അത്തരം കാര്യങ്ങളുടെ അന്വേഷണം മറ്റ് ഏജൻസികൾ ഏറ്റെടുക്കേണ്ടിവരും.

