KeralaNews

‘സുധാകരന്റെ പല ചെയ്‌തികളും സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് നിരാശയുണ്ടാക്കുന്നു’; തുറന്നടിച്ച് ഹൈബി ഈഡൻ

കൊച്ചി: കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ കടുത്ത വിമർശനവുമായി എറണാകുളം എംപിയും, കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ രംഗത്ത്. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കെ സുധാകരന്റെ പല പ്രവർത്തികളും സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് നിരാശയുണ്ടാക്കുന്നതാണെന്ന് ഹൈബി ഈഡൻ തുറന്നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് ഹൈബിയുടെ വിമർശനം.

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തരെ ഇതിൽ നിരാശരാണെന്നും അവരുടെ ധാര്‍മികതയെ ഇക്കാര്യങ്ങൾ ബാധിക്കുമെന്നും ഹൈബി ചൂണ്ടിക്കാട്ടി. ‘കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് സാധാരണ പ്രവര്‍ത്തകര്‍. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യം പോലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ധാര്‍മികതയെ ബാധിക്കും.’ ഹൈബി പറഞ്ഞു.

‘വളരെ ഗൗരവമേറിയ വിഷയം തന്നെയാണിത്. പാര്‍ട്ടി ഫോറങ്ങളില്‍ തീര്‍ച്ചയായും ഇത് അവതരിപ്പിക്കും. ഒരിക്കലും നിസാരവല്‍ക്കരിച്ച് കാണാന്‍ കഴിയില്ല. പലരും കാണുമ്പോള്‍ പറയുന്നത് നിങ്ങള്‍ അധികാരത്തില്‍ വരണമെന്നാണ്. അതിനിടെ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്.’ ഹൈബി ഈഡൻ പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സതീശൻ എത്താതിരുന്നതോടെയാണ് വിവാദങ്ങൾക്ക് ആധാരമായ സംഭവം നടന്നത്. അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദിനോട് സതീശൻ വൈകിയതിൽ അനിഷ്‌ടം പ്രകടിപ്പിക്കുമ്പോഴായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം. മേശപ്പുറത്തുള്ള ചാനൽ മൈക്കുകൾ ഓൺ ആണെന്ന് ഈ ഘട്ടത്തിൽ സുധാകരൻ അറിഞ്ഞിരുന്നില്ല.

എന്നാൽ ഇതിന് പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിക്കുന്ന സാഹചര്യവുമുണ്ടായി. പിന്നീട് വാർത്തയറിഞ്ഞ സതീശൻ, താൻ രാജിവയ്ക്കാമെന്ന് ഒപ്പമുള്ളവരോടു പറഞ്ഞതായാണ് വിവരം. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന് വിഷയത്തിൽ ഇടപെടേണ്ടി വന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫോണിലൂടെ ഇരുവരുമായും ബന്ധപ്പെട്ടതോടെ മാധ്യമങ്ങളെ കണ്ട് ഇവർ എല്ലാം നിഷേധിക്കുകയായിരുന്നു.

എങ്കിലും വിവാദവുമായി ബന്ധപ്പെട്ട അലയൊലികൾ ഇതുവരെ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സംഭവത്തിൽ വിശദീകരണവുമായി സുധാകരൻ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. താൻ വിളിച്ചുവെന്ന് പറയപ്പെടുന്ന ആ വാക്ക് തന്റെ ജീവിതത്തിൽ ഇന്ന് വരെ ഉപയോഗിച്ചിട്ടില്ലെന്നും മര്യാദകേടെന്ന വാക്ക് വളച്ചൊടിച്ചതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button