തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായര്‍ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് സതീശന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വെട്ടേറ്റ ഷീജയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ട് പോകവെയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശന്‍ നായര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം.

ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം ഇരുവരും തമ്മില്‍ വഴക്ക് കുടിയ സമയത്ത് ഷീജയുടെ താലിമാല സതീശന്‍ നായര്‍ പൊട്ടിച്ചിരുന്നു. തുടര്‍ന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു.

ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഷീജയുടെ വീട്ടുകാര്‍ വിവരം നെടുമങ്ങാട് പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ചെല്ലാന്‍ സതീശന്‍ നായരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News