KeralaNews

കൂടെ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി; അയല്‍ക്കാരെ വിളിച്ചുണര്‍ത്തി കൊലപാതകം പറഞ്ഞു, വീട്ടുപരിസരത്തു കാത്തുനിന്നു

കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പിറവം മുളക്കുളത്താണ് ദാരുണസംഭവമുണ്ടായത്. 56കാരിയായ ശാന്തയെയാണ് ഭര്‍ത്താവ് ബാഹുലേയന്‍ വെട്ടിക്കൊന്നത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ നെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവമുണ്ടായത്.

ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. സംശയവും അതേ തുടര്‍ന്നുള്ള കുടുംബ വഴക്കുമാണ് അരുംകൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാന്‍ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് കിടപ്പുമുറിയില്‍നിന്നു പുറത്തേക്കു പോയിരുന്നു. അപ്പോഴൊന്നും ഭാര്യ എഴുന്നേറ്റില്ല. ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാബു തലയിണയ്ക്കടിയില്‍ കരുതിവെച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു.

കഴുത്തിന് മൂന്നു വെട്ടേറ്റ ശാന്ത തത്ക്ഷണം മരിച്ചു.സംഭവം നടക്കുമ്പോള്‍ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ബാബുവിന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്സും ബാബുവിന്റെ രണ്ടാമത്തെ മകന്‍ ബ്രിജിത്തും ഉറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍, അവരാരും സംഭവം അറിഞ്ഞില്ല. കൃത്യത്തിനുശേഷം സ്‌കൂട്ടറില്‍ പുറത്തേക്കു പോയ ബാബു തിരിച്ചെത്തി അയല്‍വീട്ടിലെത്തി വിളിച്ചുണര്‍ത്തി താന്‍ ഭാര്യയെ വെട്ടിക്കൊന്നുവെന്ന് പറയുകയായിരുന്നു.

പോലീസിന്റെ നമ്പര്‍ തിരക്കിയാണ് ഇയാള്‍ അയല്‍വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് അവരോട് സ്റ്റേഷനില്‍ വിളിച്ച് തന്റെ ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ പറഞ്ഞു. താന്‍ ഇവിടെത്തന്നെ കാണുമെന്നു പറഞ്ഞ പ്രതി വീട്ടുപരിസരത്തുതന്നെ കാത്തുനിന്നു.അയല്‍വീട്ടുകാര്‍ അപ്പോള്‍ത്തന്നെ മകന്‍ ബ്രിജിത്തിനെയും പൊലീസിനെയും വിവരം അറിയിച്ചു. മുകളിലത്തെ നിലയില്‍നിന്ന് മകന്‍ ഇറങ്ങിവന്ന് നോക്കുമ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

തുടര്‍ന്ന് മകനും പോലീസിനെയും അടുത്ത ബന്ധുക്കളെയും വിവരം അറിയിച്ചു. പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി പ്രതിയെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും പ്രതി പൊലീസിന് കൈമാറി. ചെത്തുതൊഴിലാളിയായിരുന്ന ബാബു ജോലിയില്‍ നിന്നു പിന്മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. വീട്ടില്‍ കൃഷിപ്പണികളുമായി കഴിഞ്ഞിരുന്ന ബാബു അകാരണമായി വഴക്കുണ്ടാക്കിയിരുന്നതായും ഇടയ്‌ക്കെല്ലാം മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button