വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. വാക്കുതർക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. 

ജൂലായ് എട്ടാം തീയതിയാണ് നിഖിതയും അനീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശത്തേക്ക് പോയി. പത്തുദിവസം മുമ്പാണ് നവദമ്പതിമാര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അനീഷിന്റെ കാലിന് പരിക്കേറ്റതിനാല്‍ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടില്‍ വന്നത്. എന്നാല്‍ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കവും ഉണ്ടായിരുന്നതായാണ് വിവരം.

അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.

നിലവിളയ്ക്ക് കൊണ്ട് തലയ്ക്കടിച്ചും വയറില്‍ കുത്തിയുമാണ് അനീഷ് ഭാര്യയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സംഭവസമയം അനീഷിന്റെ വീട്ടില്‍ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ ഉള്‍പ്പെടെ പോലീസ് വിശദമായി ചോദ്യംചെയ്യും. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്ന് നിഖിതയുടെ ബന്ധുക്കളും വര്‍ക്കലയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News