ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം

ലഖ്‌നൗ: ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മഹോബയില്‍ രാംനഗര്‍ ജുക്കയിലാണ് സംഭവം. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യുവതിയുടെ മുടി പിടിച്ച് വലിക്കുന്നതും ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. യുവതിയെ അസഭ്യം പറഞ്ഞുകൊണ്ടാണ് മര്‍ദനത്തിന് ഇരയാക്കിയത്. ഇവര്‍ക്ക് ചുറ്റും ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ടെങ്കിലും ആരും ഇവരെ തടയുകയോ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. യുവതിയുടെ ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് മര്‍ദനത്തിനിടെ ഇടയ്ക്കിടെ ഇവര്‍ പറയുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വകാര്യഭാഗങ്ങളിലടക്കം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്.

സംഭവത്തില്‍ മഹോബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവ് നീരജ്, ഭര്‍തൃപിതാവ് കരായി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൂമര്‍ദനത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മഹോബ പോലീസ് സൂപ്രണ്ട് സുധ സിങ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News