വിവാഹമോചനത്തിന് കേസ് നല്‍കി; സി.സി.ടി.വി സ്ഥാപിച്ച് പരസ്പരം നിരീക്ഷണം! ഒടുവില്‍ കണക്ഷന്‍ വിച്ഛേദിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് ഭര്‍ത്താവിന്റെ കൊലപാതകശ്രമം

പറവൂര്‍: വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഒരുവീട്ടില്‍ തന്നെ വെവ്വേറെ മുറികളില്‍ താമസിച്ച് വരികയായിരുന്ന ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചാണ് കൊലപാതകശ്രമം. കേസില്‍ ഭര്‍ത്താവിനെ പോലീസ് റിമാന്‍ഡ് ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.

ഭാര്യയുടെ മുറിയിലെ നിരീക്ഷണ ക്യാമറ കണക്ഷന്‍ വിഛേദിച്ചായിരുന്നു ഇയാള്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചത്. വിവാഹ മോചനത്തിന് കേസ് നല്‍കിയ ശേഷം ഒരു വീട്ടില്‍ത്തന്നെ വെവ്വേറെ മുറികളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കഴിയുകയായിരുന്നു ഇരുവരും.

കഴിഞ്ഞ 11-ാം തീയതിയായിരുന്നു സംഭവം. ഭാര്യ സുമയുടെ മുറിയിലേക്കുള്ള നിരീക്ഷണ ക്യാമറയുടെ കണക്ഷന്‍ ഇയാള്‍ വിച്ഛേദിച്ചിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷ് അവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുമയെ ഇയാള്‍തന്നെ ചാലാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ഒളിവില്‍ പോയി.

പിന്നീട് എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്ടാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. വടക്കേക്കര സിഐ എംകെ മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News