ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭര്‍തൃവീടിന്റെ മുറ്റത്ത് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിനിഷ വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മകളുടെ മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്തു നിന്ന് ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് മൊഴിയെടുത്ത പോലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു.

പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകരമായ നരഹത്യക്കാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News